അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ വംശജനായ സോഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് നഗര മേയറായി ചരിത്ര വിജയം സ്വന്തമാക്കി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കർട്ടിസ് സ്ലീവായും ഉൾപ്പെട്ട മത്സരത്തില്‍ കനത്ത ഭൂരിപക്ഷമാണ് മംദാനിക്ക് ലഭിച്ചത്. മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ മേയറും ദക്ഷിണേഷ്യന്‍ വംശജനായ ആദ്യ മേയറുമായ മംദാനിയുടെ വിജയം ന്യൂയോര്‍ക്കിന്റെ രാഷ്ട്രീയചിത്രത്തിൽ വലിയ മാറ്റത്തിന് വഴിതെളിച്ചു.
പൊതുഗതാഗത സൗജന്യവത്കരണം, വാടക നിയന്ത്രണം, സാധാരണക്കാര്‍ക്കായി വിലക്കുറഞ്ഞ വാസസ്ഥലം എന്നിവയെ കേന്ദ്രീകരിച്ചുള്ള ശക്തമായ ജനക്ഷേമ അജണ്ടയാണ് അദ്ദേഹത്തെ ജനങ്ങളുടെ മനസിൽ ഉറപ്പിച്ചത്. ട്രംപ് അനുകൂല രാഷ്ട്രീയ നിലപാടുകൾ ശക്തമായിരുന്ന പശ്ചാത്തലത്തിൽ മംദാനിയുടെ ഈ വിജയം, ന്യൂയോര്‍ക്കിൽ പുരോഗമന രാഷ്ട്രീയത്തിന് ജനങ്ങൾ നല്‍കിയ വലിയ പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്.





















