ഡി.സി. യൂനിവേഴ്സിൽ വീണ്ടും ചലനം സൃഷ്ടിച്ച് സംവിധായകൻ സാക് സ്‌നൈഡർ. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം പങ്കുവെച്ച ഹെൻറി കാവിലിന്റെ സൂപ്പർമാൻ വേഷത്തിലുള്ള ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രം സോഷ്യൽ മീഡിയയിലുടനീളം തരംഗമാകുകയാണ്. ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റീസ് ചിത്രീകരണ സമയത്തെടുത്ത ഈ ഫോട്ടോയ്‌ക്ക് സ്‌നൈഡർ നൽകിയ ക്യാപ്ഷൻ വെറും ഒരു വാചകം മാത്രം — “Henry Cavill is Superman.” പുതിയ ഡി.സി. യൂ (DCU) സംവിധാനം ഏറ്റെടുത്ത ജെയിംസ് ഗൺ, പീറ്റർ സാഫ്രാൻ എന്നിവർ കാവിലിനെ പുനർനിയമിക്കാതിരുന്നതിനെതിരായ നിശ്ശബ്ദ പ്രതികരണമായി ആരാധകർ ഇതിനെ കാണുന്നു.
പുതിയ സൂപ്പർമാനായി ഡേവിഡ് കൊറെൻസ്വെറ്റ് എത്തുന്ന സാഹചര്യത്തിൽ, ഈ പോസ്റ്റ് പഴയ Snyderverse ആരാധകർക്ക് പ്രതീക്ഷ പകരുന്നതായാണ് വിലയിരുത്തൽ. സ്നൈഡറിന്റെ ഈ നീക്കം, തന്റെ സൃഷ്ടിജഗത്തെയും കാവിൽ അവതരിപ്പിച്ച സൂപ്പർമാനെയും അദ്ദേഹം ഇപ്പോഴും അതേ ആവേശത്തോടെയാണ് കാണുന്നതെന്ന സന്ദേശമായി ആരാധകർ ഏറ്റെടുക്കുന്നു.
