28.2 C
Kollam
Thursday, November 21, 2024
HomeMost Viewedകുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി; ഒട്ടേറെ ആനുകൂല്യങ്ങൾ

കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി; ഒട്ടേറെ ആനുകൂല്യങ്ങൾ

- Advertisement -
- Advertisement -

റവന്യു കുടിശ്ശിക പിരിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാ​ഗമായി, ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് കേരള വാട്ടർ അതോറിറ്റി ആഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നു. ഊർജിത കുടിശ്ശിക നിവാരണത്തിന്റെ ഭാ​ഗമായി വാട്ടർ അതോറിറ്റി സമർപ്പിച്ച ആംനെസ്റ്റി പദ്ധതി മാർ​ഗരേഖ അം​ഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ വിഭാ​ഗം ഉപഭോക്താക്കൾക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താൻ കഴിയും. ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും. കൂടാതെ കുടിശ്ശികത്തുകയിൻമേൽ ഒട്ടേറെ ഇളവുകളും അനുവദിച്ചിട്ടുണ്ട്. 2022 മേയ് 31ലെ കണക്കനുസരിച്ച് വാട്ടർ അതോറിറ്റിക്കു പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 1130.26 കോടി രൂപയാണ്. ഇതിൽ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങൾ, ​ഗാർഹിക-​ഗാർഹികേതര ഉപഭോക്താക്കൾ എന്നീ വിഭാ​ഗങ്ങളുടെ കുടിശ്ശിക ഉൾപ്പെട്ടിട്ടുണ്ട്.

ഒാ​ഗസ്റ്റ് 15 വരെ, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആംനെസ്റ്റി പ്രകാരം കുടിശ്ശികകൾ തീർപ്പാക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ പരി​ഗണിക്കാനുള്ള സിറ്റിങ് 15 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും നടക്കും. 2021 ജൂൺ 30 നു മുൻപ് മുതൽ വാട്ടർ ചാർജ്‌ കുടിശ്ശിക നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക്‌ ആംനെസ്റ്റി പദ്ധതിയിൽ അപേക്ഷ നൽകാം. ഈ തീയതിക്കു മുൻപ്‌ കുടിശ്ശിക ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഇതുവഴി ആനുകൂല്യം ലഭിക്കുന്നതല്ല.

റവന്യു റിക്കവറി നടപടികൾ നേരിട്ടുന്ന ഉപഭോക്താക്കൾ അപേക്ഷിക്കുന്ന പക്ഷം ആംനെസ്റ്റി സ്കീമിൽ ഉൾപെടുത്തുന്നതാണ്‌. ഈ പദ്ധതിയിൽ തീർപ്പാക്കിയ തുകയ്ക്കു പുറമെ റവന്യു വകുപ്പിന് അടയ്ക്കാനുള്ള റിക്കവറി ചാർജ് കൂടി ഉപഭോക്താക്കൾ അടയ്ക്കേണ്ടി വരും. കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഉപഭോക്താക്കളുടെ കാര്യത്തിൽ, കേസ്‌ പിൻ വലിക്കുകയാണെങ്കിൽ ആംനെസ്റ്റി പദ്ധതിയിൽ പരിഗണിക്കും.
വാട്ടർ ചാർജ്‌ കുടിശ്ശികയുടെ പേരിൽ കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്ക്‌ യഥാർഥ വാട്ടർ ചാർജും പിഴയും പ്രതിമാസം അഞ്ചു രൂപ നിരക്കിൽ അടച്ചാൽ കണക്ഷൻ പുനഃസ്ഥാപിച്ചു നൽകുന്നതാണ്‌. കാൻസർ, അവയവമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ്‌ നടത്തുന്നവർ, മാനസിക വെല്ലുവിളി നേരിട്ടന്ന കുട്ടികൾ എന്നിവരുള്ള കുടുംബങ്ങൾക്ക്‌ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വാട്ടർ ചാർജ്‌ മാത്രം ഈടാക്കി കണക്ഷൻ പുനഃസ്ഥാപിച്ചു നൽകും.

ലീക്കേജ്‌ കാരണം അധിക ബില്ല്‌ വന്നിട്ടുള്ള ഗാർഹിക ഉപഭോക്താക്കൾക്ക്‌ നിലവിൽ 50 കിലോലിറ്ററിൽ കൂടുതൽ അധികമായി രേഖപ്പെടുത്തുന്ന ഉപയോഗത്തിന്‌ ഓരോ കിലോലിറ്ററിനും 20 രൂപ വീതം കണക്കാക്കി ഒഴിവാക്കുകയാണ്‌ ചെയ്യുന്നത്‌. 2021 ജൂൺ 30നു മുൻപ് ലീക്ക്‌ വന്നിട്ടുള്ളതും ഉപഭോഗം മാസം 25 കിലോലിറ്ററിനു മുകളിൽ വന്നിട്ടുള്ളതുമായ ഉപഭോക്താക്കൾക്ക്‌ 25 കിലോലിറ്ററിനു മുകളിൽ വന്നിട്ടുള്ള വാട്ടർ ചാർജിന്റെ പകുതി ഈ സ്‌കീമിൽ ഒഴിവാക്കി നൽകുന്നതാണ്‌. ബിപിഎൽ ഉപഭോക്താക്കൾക്കു പരമാവധി 2,70,000 ലിറ്റർ വരെ ഒഴിവാക്കി, അതിനു മുകളിൽ രേഖപ്പെടുത്തിയ ഉപയോഗത്തിന്‌ മാത്രം ഗാർഹിക താരിഫിലെ മിനിമം ചാർജ്‌ ഈടാക്കി നൽകും.

കണക്ഷൻ വിച്ഛേദിക്കപ്പെട്ടിട്ടുള്ള ഗാർഹികേതര ഉപഭോക്താക്കൾക്ക്‌ യഥാർഥ വാട്ടർ ചാർജിനോടൊപ്പം 2% പ്രതിമാസ പിഴ ഈടാക്കുന്നതിനു പകരം 1% മാത്രം പിഴ ഈടാക്കി, മറ്റെല്ലാ ചാർജുകളും ഒഴിവാക്കി കണക്ഷൻ പുനഃസ്ഥാപിച്ചു നൽകുന്നതാണ്‌.
ഗാർഹികേതര കണക്ഷനുകൾക്ക്‌ നിലവിൽ നൽകാത്ത ലീക്കേജ് ആനുകൂല്യവും ഈ പദ്ധതി വഴി ലഭിക്കും. മൂന്നു വർഷത്തിലധികമായി മീറ്റർ റീഡിങ്‌ ഇല്ലാത്തതും ബില്ലുകൾ ലഭിക്കാത്തതുമായ ഉപഭോക്താക്കൾക്ക്‌ വാട്ടർ ചാർജ്‌ മാത്രം ഈടാക്കി മറ്റു ചാർജുകൾ ഒഴിവാക്കി നൽകുന്നതാണ്‌. ഗാർഹിക ആവശ്യങ്ങൾക്ക്‌ മാത്രം കുടിവെള്ളം ഉപയോഗിക്കുകയും തെറ്റായി ഗാർഹികേതര വിഭാഗത്തിൽ ബില്ലുകൾ നൽകിയിട്ടുമുള്ള ഉപഭോക്താക്കൾക്ക്‌ ഗാർഹിക വിഭാഗത്തിലുള്ള നിരക്കനുസരിച്ച്‌ ബില്ലുകൾ പുനക്രമീകരിച്ചു നൽകുന്നതാണ്‌. വായു പ്രവാഹം മൂലം അധിക ബിൽ വന്ന ഉപഭോക്താക്കൾക്ക്‌ അധികമായി വന്ന വാട്ടർ ചാർജ്‌ എയർ വാൽവ്‌ ഘടിപ്പിച്ചാൽ ഒഴിവാക്കി നൽകുന്നതാണ്‌. വാട്ടർ ചാർജ്‌ അടച്ചു തീർത്ത്‌ കണക്ഷനുകൾ വിച്ഛേദിച്ചിട്ടുള്ളതും എന്നാൽ വിശ്ചേദന ഫീസ്‌ അടയ്ക്കാത്തതിന്റെ പേരിൽ വാട്ടർ ചാർജ്‌ കുടിശിക വന്നിട്ടുള്ളതുമാ ഉപഭോക്താക്കളുടെ കുടിശ്ലിക വിശ്ചേദന ഫീസ്‌ മാത്രം ഈടാക്കി കുടിശ്ശിക തുക പൂർണമായും ഒഴിവാക്കി നൽകുന്നതാണ്‌. കണക്ഷൻ ഭൗതികമായി നിലവിൽ ഇല്ലെങ്കിൽ യഥാർഥ വാട്ടർ ചാർജ് മാത്രം ഈടാക്കി കുടിശ്ശിക ഒഴിവാക്കി നൽകും.

എല്ലാത്തരം പരാതികളും തീർപ്പാക്കാനുള്ള അധികാരം, തുകയുടെ പരിധി ഇല്ലാതെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ്‌ എൻജിനീയർ അധ്യക്ഷനായ കമ്മിറ്റിക്കാണ്. പരാതി പരിശോധിച്ച്‌ പുതുക്കി നിശ്ചയിച്ച കുടിശ്ശിക തുക എസ്എംഎസ് മുഖേനയും ഓഫീസിൽനിന്നു നേരിട്ടും ഉപഭോക്താവിന്‌ അറിയാവുന്നതാണ്‌. മേൽപ്പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ആംനസ്റ്റി പദ്ധതി കാലയളവിൽ മാത്രമേ അനുവദിക്കുകയുള്ളു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments