കൊല്ലത്തിന്റെ ഇന്നലെകളുടെ ചരിത്രത്തിൽ എന്നും ഒളിമങ്ങാതെ നില്ക്കുന്ന കെട്ടിടം. കെട്ടിടത്തിന് ഏറ്റവും മുകളിൽ സൂക്ഷിച്ച് നോക്കിയാൽ “സചിവോത്തമ സർ സി പി രാമസ്വാമി അയ്യർ ഷഷ്ടിപൂർത്തി മെമ്മോറിയൽ വാർഡ്” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. കൊട്ടാര സദൃശ്യമായ കെട്ടിടം.
‘കൊല്ലം,
കഴിഞ്ഞ കൊല്ലം’
തയ്യാറാക്കിയത് : കെ ആർ രവി മോഹൻ
കൊല്ലം പട്ടണത്തിലെ ഏറ്റവും മനോഹരവും വാസ്തുശിൽപ്പ ഭംഗി തുടിച്ചുനിൽക്കുന്നതുമായ കെട്ടിടങ്ങളിൽ ഒന്നാണ് ക്വയിലോൺ ബാങ്ക് കെട്ടിടം.അപ്പോൾ നിങ്ങൾ ചോദിക്കും അതേതാണീ ക്വയിലോൺ ബാങ്ക്? കൊല്ലത്തിന്റെ കഴിഞ്ഞുപോയ ഇന്നലകളുടെ കൂട്ടത്തിൽ, പ്രത്യകിച്ച് ബാങ്കിങ് ചരിത്രത്തിൽ എന്നും ഒളിമങ്ങാതെ നിൽക്കുന്ന ഒരു പേരാണ് ക്വയിലോൺ ബാങ്ക്.
ബസ്സ് സർവീസ് ഇല്ലാത്ത, ഇടുങ്ങിയ റോഡും, ആംബുലൻസ് ടാക്സി വാഹനങ്ങളുടെ ബാഹുല്യവും കാരണം ആൾക്കാരുടെ ശ്രദ്ധയിൽപെടാതെ പോകുന്ന ഒരു കെട്ടിടം പട്ടണത്തിൽ ഉണ്ട്. ആശുപത്രി റോഡിൽ, ജില്ല ആശുപത്രിക്ക് പടിഞ്ഞാറുവശമുള്ള ആശുപത്രി സുപ്രണ്ടിന്റെ ഓഫീസ്. സൂക്ഷിച്ചു നോക്കിയാൽ ഏറ്റവും മുകളിൽ ‘സച്ചിവോത്തമ സർ സി പി രാമസ്വാമി ഐയ്യർ ഷഷ്‌ടിപൂർത്തി മെമ്മോറിയൽ വാർഡ്’ എന്നുരേഖപെടുത്തിയിരിക്കുന്നത് കാണാം. ഒറ്റനോട്ടത്തിൽ കവടിയാറിലെ രാജകൊട്ടരമാണോ എന്ന് തോന്നുന്ന മാതിരിയുള്ള അതിമനോഹരമായ ഒരു കെട്ടിടം.
ദിവാനായിരുന്ന സർ സി പി യെ (1936-47) കുറിച്ച് സമ്മിശ്രങ്ങളായ അഭിപ്രായങ്ങളാണുള്ളത്. തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ (1931-49) കാലം കൊല്ലത്തെ സംബന്ധിച്ച് പലവിധ പരിഷ്ക്കരങ്ങളും നടപ്പിലായ കാലമാണ്. നിയമ നിർമ്മാണസഭ പരിഷ്‌ക്കരണം, ക്ഷേത്രപ്രേവേശന വിളംബരം, സർവകലശാല സ്ഥാപനം, ആദ്യ ഭൂപണയ ബാങ്ക്, കാർഷികഋണാശ്വാസ നിയമം, വില്ലേജ് യൂണിയൻ ആക്ട്, കുണ്ടറ കളിമൺ ഫാക്ടറി, പുനലൂർ പ്ലൈവുഡ്‌സ് ഫാക്ടറി, സ്റ്റേറ്റ് ട്രാൻസ്‌പോർട് സർവീസിന്റെ ആവിർഭാവം എന്നിവ നടപ്പാക്കുന്നതിൽ സി പി യുടെ ഉപദേശങ്ങൾ രാജാവിന് തുണയായിട്ടുണ്ട്. അതിലൊക്കെ ഉപരി കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്ന എസ് ബി ടിയുടെ (12.9.1945) സ്ഥാപകൻ ചിത്തിര തിരുനാളാണെങ്കിലും അന്ന് ദിവാനായിരുന്ന സി പിയുടെ ഇടപെടൽ നിർണ്ണായകമായിരുന്നു.
എന്നാൽ നിവർത്തന പ്രക്ഷോഭണം, ഉത്തരവാദഭരണ പ്രക്ഷോഭണം, നിയമലംഘന പ്രക്ഷോഭണം, പുന്നപ്ര വയലാർ സമരം, ക്വിറ്റ് ഇന്ത്യ സമരം എല്ലാംകൂടി ആയപ്പോൾ സി പി ക്കെതിരെ ജനരോഷം അതിന്റെ മൂർദ്ധന്യത്തിൽ എത്തി. 1947 ജൂലൈ 25 നു സി പിക്കുനേരെ വധശ്രമം വരെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ക്വയിലോൺ ബാങ്കിന്റെ പതനം നോക്കികാണേണ്ടത്. 1919 ലാണ് തിരുവല്ല ചാലക്കുഴി കടുംബക്കാരനായ സി പി മാത്തൻ ക്വയിലോൺ ബങ്ക് സ്ഥാപിക്കുന്നത്. മദ്രാസിലായിരുന്നു ഹെഡ് ഓഫീസ് എങ്കിലും കശുവണ്ടിക്കും കയറിനും വളക്കൂറുള്ള കൊല്ലത്തും ഒരു ശാഖ തുടങ്ങി. തഞ്ചാവൂരും മദിരാശിയിലുമുള്ള നിരവധി തമിഴ് പ്രമാണിമാർ വൻ നിക്ഷേപങ്ങൾ ബാങ്കിൽ നടത്തിയിരുന്നു.
കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മനോരമയുടെ ഉടമസ്ഥൻ കണ്ടത്തിൽ മാമൻ മാപ്ലയുടെ ട്രാവൻകൂർ നാഷണൽ ബാങ്ക് ക്വയിലോൺ ബാങ്കുമായി 1937 ൽ ലയിപ്പിച്ചു. ലയനത്തിന് പ്രോത്സാഹനം കൊടുത്തത് സി പി ആയിരുന്നു. തിരുവിതാംകൂറിന്റെ 70 ലക്ഷം രൂപ ബാങ്കിലേക്ക് നിക്ഷേപമായി കൊടുക്കാമെന്നു അക്കലത്ത് സി പി ഒരു വാഗ്‌ദനം നടത്തിയിരുന്നു, പക്ഷെ ബാങ്കിന്റെ ഹെഡ് ഓഫീസിസ് കൊല്ലത്തേക്ക് മാറ്റണമെന്ന വ്യവസ്ഥയായിരുന്നു സി പി മുന്നോട്ട് വെച്ചത്.
1919 ൽ ആണ് ആ സ്ഥലം മാത്തൻ 19500 രൂപയ്ക്ക് വാങ്ങുന്നത്. 1935 -36 കാലത്താണ് കൊല്ലത്ത് ഹെഡ് ഓഫീസ് മന്ദിരം പണിയുന്നത്. 140,000 രൂപ ചിലവായ കെട്ടിടം ഉത്‌ഘാടനം ചെയ്തത് സി പി ആയിരുന്നു.തനിക്കു നേരെ ഉയരുന്ന ജനരോക്ഷത്തിന്റെ പിന്നിൽ മനോരമ പത്രവും, സാമ്പത്തിക ഉറവിടം ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്കും ആണെന്ന് സി പി വിശ്വസിച്ചു
ബാലൻസ് ഷീറ്റ് കൃതിമം ഉന്നയിച്ച ബാങ്ക് തകർക്കാനുള്ള പദ്ധതികൾ സി പി ആസൂത്രണം ചെയ്തു. തിരുവിതാംകൂറിന്റേതെന്നു പറഞ്ഞു ഇല്ലാത്ത എഴുപതു ലക്ഷം രൂപയുടെ നിക്ഷേപം പിൻവലിച്ചതായി പ്രചരിപ്പിച്ചു. കൊല്ലം മുഴുവൻ മാപ്ളിമാർ കൈയടക്കും എന്ന് പ്രചരിപ്പിച്ചു. ബാങ്ക് പൊളിയുന്നു എന്ന രീതിയിൽ സർക്കാർ പ്രസ്സിൽ അച്ചടിച്ച നോട്ടീസുകൾ വ്യാപകമായി തഞ്ചാവൂരിലും തമിഴ്നാട്ടിലെ മറ്റിടങ്ങളിലും വിതരണം ചെയ്തു. തുടർന്ന് നിക്ഷേപങ്ങൾ പിൻവലിക്കാനായി ജനങ്ങൾ നെട്ടോട്ടമോടി. 1938 ഒടുകൂടി ബാങ്ക് പാപ്പരായി തകർന്നു. മനോരമ പത്രം പൂട്ടി സീൽ ചെയ്തു. കെ സി മാമൻ മാപ്ലയും, മകൻ കെ എം ഈപ്പൻ, കെ വി വർഗീസ്, സി പി മാത്തൻ എന്നിവർ തിരിമറി നടത്തി എന്ന് ജനറൽമാനേജർ ആയ കെ എസ് രാമാനുജം കള്ളമൊഴി നൽകി. മദിരാശിയിൽനിന്നും വിലങ്ങു വെച്ചാണ് മാമൻ മാപ്ലയേയും, മാത്തനെയും മറ്റ് കൂട്ട് പ്രതികളെയും തിരുവിതാകൂറിലേക്ക് കൊണ്ട് വന്നത്. 1940 ജനുവരിയിൽ വിധിയായി. എട്ടു വർഷം കഠിന തടവിന് ശിക്ഷിച്ചു. കാലിൽ ഇരുമ്പ് തളയണിയിച്ചു ഏകാന്ത തടവുകാരാക്കി. ജയിലിൽ വെച്ച് കെ ഇ ഈപ്പൻ അന്തരിച്ചു. ലിക്വിഡേറ്റർ ഏറ്റെടുത്ത ബാങ്കിന്റെ ആസ്തികൾ വിറ്റാൽ കിട്ടുന്ന ബാധ്യതയെ ഉണ്ടായിരുന്നുള്ളൂ എങ്കിലും സി പി യുടെ ശിങ്കിടികൾ സ്വത്തുക്കൾ ചുളു വിലക്ക് വാങ്ങി. കൊല്ലം ഹെഡ് ഓഫീസിൽ കെട്ടിടം 15000 രൂപക്ക് ലേലത്തിൽ വാങ്ങിയത് രാജ്യ സേവാനിരത കെ ജി പരമേശ്വരൻ പിള്ളയാണ്, സ്മാരകത്തിനു വേണ്ടി, ക്ലോക്ക് ടവറിൽ കാണുന്ന പേരുകാരൻ.
കെ സി മാമൻ മാപ്ല രാജാവിന്റെ കരുണയിൽ രണ്ടു വർഷം കഴിഞ് പുറത്തിറങ്ങി. പത്രം വീണ്ടും തുടങ്ങി. തെറ്റ് ചെയ്തില്ല എന്ന നിലപാടിൽ ഉറച്ചു നിന്ന സി പി മാത്തൻ ജയിലിൽ തുടർന്നു. വിധിക്കെതിരെ വൈസ്റോയിക്ക് അപ്പീൽ കൊടുത്ത മാത്തൻ
22.1.1942 ൽ നിരുപാധികം വിട്ടയക്കപ്പെട്ടു. അന്ന് ഐ ജി ആയിരുന്ന അബ്‌ദുൽ ഖാദർ തന്റെ ഔദ്യോഗിക കാറിൽ തിരുവിതാകൂറിൽനിന്നും മാത്തനെ തിരുവല്ല വീട്ടിലേക്ക് അനുഗമിച്ചു. തുടർന്നദ്ദേഹം 1953 ൽ മാവേലിക്കര മണ്ഡലത്തിൽ നിന്നും ലോക് സഭയിലേക്ക് മത്സരിച്ചു ജയിച്ചു. 1957 ൽ അദ്ദേഹം സുഡാനിൽ അംബാസഡർ ആയി. 2.6.1960 ൽ പാരിസിൽവെച്ചു സി പി മാത്തൻ എന്ന ബാങ്കർ അന്തരിച്ചു. തിരുവല്ല കാവുംഭാഗം പള്ളിയിൽ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സഹോദരൻ, ചാലക്കുഴി സി പി മാമ്മന്റെ വസതിയാണ് ആശ്രാമത്ത് കാണുന്നത്.
അന്ന് ക്വയിലോൺ ബാങ്കിൽ ജോലി ചെയ്തിരുന്ന എം വറുഗീസ് എന്നയാൾക്ക് തിരുവിതാംകൂർ ഒഫീഷ്യൽ ലിക്വിഡേറ്റർ കൊടുത്ത പിരിച്ചുവിടൽ നോട്ടീസ് കാണാം. വരുഗീസ് പിന്നീട് എസ് ബി ടിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. ഉണിച്ചക്കം വീട്ടിൽ ഉണ്ടായിരുന്ന മെയിൻ ശാഖയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. 1969 ൽ കൊല്ലം മെയിൻ ശാഖയിൽ നിന്നും മാനേജർ ആയി വിരമിച്ചു. മകൻ George PV – Joyachan ഇപ്പോൾ ആശ്രാമത്ത് താമസമുണ്ട്. മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് സോണൽ മാനേജർ ആണ്. ഇതാണ് നമ്മുടെ കണ്മുൻപിൽ ജില്ലാ ആശുപത്രിക്കു മുന്നിൽ കാണുന്ന കെട്ടിടത്തിന്റെ കഥ. ഇപ്പോൾ ജില്ലാ ആശുപത്രി സുപ്രണ്ടിന്റെ ഓഫീസ്, നഴ്സിംഗ് സ്കൂൾ, പാലിയേറ്റിവ് പരിശീന കേന്ദ്രം എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്. അടുത്ത തവണ ഇതുവഴി പോകുമ്പോൾ ചരിത്രമുറങ്ങുന്ന ഈ സൗധത്തെ ഒന്ന് നോക്കൂ.
മാത്തന്റെ ഭാര്യ ഏലിയാമ്മ മാത്തൻ ഒരു ഡയറി എഴുതിയിട്ടുണ്ട്. ഈ ഡയറിയെ ആസ്പദമാക്കിയാണ് മാത്തൻ തന്റെ ആത്മകഥ എഴുതിയത് (I Have Borne Much) ഏലിയാമ്മ മാത്തന്റെ ചെറുമകൾ മറിയം റാം (ഹിന്ദു എഡിറ്റർ റാമിന്റെ ഭാര്യ) ഈ ഡയറി കേരളം കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റീസെർച്ചിന് കൈമാറിയിട്ടുണ്ട്.
അവലംബം : ഏലിയാമ്മ മാത്തന്റെ ഡയറി, കേരള ചരിത്രം എ ശ്രീധരമേനോൻ.