രണ്ടാംതരംഗം രൂക്ഷമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച പൂർണ അടച്ചിടൽ അവസാനിപ്പിച്ച് കേരളം വ്യാഴാഴ്‌ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കും. രോഗവ്യാപന തോതനുസരിച്ച് നാല് വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന നിരക്ക് 30 ശതമാനത്തിലധികമുള്ള തദ്ദേശസ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്‌ഡൗണുണ്ടാകും.
ജനങ്ങൾ സഹകരിച്ചതുകൊണ്ടാണ് രണ്ടാംതരംഗത്തെ നിയന്ത്രിക്കാനായത്. വേറെ വഴിയില്ലാത്തതിനാലാണ് ലോക്‌ഡൗണിന് സർക്കാർ നിർബന്ധിതമായത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കഴിവതും ക്ഷേമപദ്ധതികൾ നടപ്പാക്കി.
തിരക്ക് വേണ്ട
ആരാധനാലയങ്ങളിൽ നിലവിൽ പ്രവേശനമില്ല. നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ തിരക്കൊഴിവാക്കാൻ ജനങ്ങളും കടയുടമകളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്‌ഡൗൺ. വിവാഹ–-മരണാനന്തര ചടങ്ങുകളിൽ 20 പേർമാത്രം. മറ്റ് ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ പാടില്ല.
കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ 25 ശതമാനം ജീവനക്കാരെവച്ച് പ്രവർത്തിക്കും. സെക്രട്ടറിയറ്റിൽ അമ്പത് ശതമാനം ജീവനക്കാരെത്തണം. ബുധനാഴ്ചകളിൽ ശരാശരി വ്യാപനത്തോത് അവലോകനംചെയ്ത് ഓരോ തദ്ദേശസ്വയംഭരണ പ്രദേശവും ഏത് വിഭാഗത്തിലെന്ന് ജില്ലാ ഭരണസംവിധാനം പരസ്യപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങൾക്കും പരിശോധനയ്ക്ക് ടാർജറ്റ് നൽകും.
ഇളവുകൾ
● മിതമായ രീതിയിൽ പൊതുഗതാഗതം
● ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
● അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകൾ അനുവദിക്കും. (സ്പോർട്സ് സെലക്‌ഷൻ ട്രയൽസ് ഉൾപ്പെടെ).
● റസ്റ്റോറന്റുകളിൽ ഹോം ഡെലിവറി, ടേക്ക് എവേ മാത്രം
● പരസ്പര സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്പോർട്സ് അനുവദിക്കും.
● ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ. ആപ് മുഖാന്തരം ബുക്ക്
ചെയ്യണം.
● തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പകുതി ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങൾ ആകാം.
●സർക്കാർ പ്രിന്റിങ് പ്രസ് പ്രവർത്തനം അനുവദിക്കും.
● രജിസ്ട്രേഷൻ, ആധാരമെഴുത്ത് ഓഫീസുകൾ ഭാഗികമായി പ്രവർത്തിപ്പിക്കാം. ലോട്ടറി വിൽപ്പന
അനുവദിക്കും.
നിയന്ത്രണം
● മാളുകൾ തുറക്കില്ല.
● വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ എന്നിവ
അനുവദിക്കില്ല.