കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു . നഷ്ടപരിഹാരത്തുകയില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇറ്റലി, ഇന്ത്യന്‍ സര്‍ക്കാര്‍, കേരളം എന്നിവര്‍ തമ്മിലാണ് ധാരണയുണ്ടാക്കിയത് . നഷ്ടപരിഹാരത്തുക കുടുംബങ്ങളെ നേരിട്ട് ഏല്‍പ്പിക്കാവുന്നതാണെന്നും ബോട്ടില്‍ ഉണ്ടായിരുന്ന, പരുക്കേല്‍ക്കാത്തവര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കണമെന്നും കേരളം അറിയിച്ചു. കുടുംബങ്ങള്‍ക്ക് വേണ്ടി ജില്ലാ കളക്ടര്‍മാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും പത്ത് കോടി നഷ്ടപരിഹാരം സുപ്രീംകോടതിയില്‍ കെട്ടിവച്ചിട്ടുണ്ടെന്നും അത് എങ്ങനെ വിതരണം ചെയ്യണമെന്ന് കേരളത്തിന് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
അതേസമയം കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അറിയിച്ചു. ജൂണ്‍ 15ന് കടല്‍ക്കൊല കേസില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. ഇരകളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഹൈക്കോടതിയിലേക്ക് മാറ്റുമെന്നും തുകയുടെ വിതരണം, നിക്ഷേപം എന്നിവയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അറിയിച്ചു. കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെയും ഇറ്റലിയുടെയും ആവശ്യം അംഗീകരിക്കുമെന്നും ഉത്തരവ് അടുത്ത ചൊവ്വാഴ്ച പറയാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.