കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . കാലവര്‍ഷം ശക്തിപ്പെടുന്നത് ജൂണ്‍ 11 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാകും. ഇതിനെ തുടര്‍ന്ന് പാലക്കാട് ഒഴികെയുളള 13 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 13 ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയുണ്ടാകും. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ, വരുന്ന അഞ്ച് ദിവസവും ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . ജൂണ്‍ 11 മുതല്‍ 17 വരെയുള്ള ആദ്യ ആഴ്ചയില്‍ സാധാരണ ഈ സമയത്ത് ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത. അതേസമയം ജൂണ്‍ 18 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ വീണ്ടും കാലവര്‍ഷം ദുര്‍ബലമായേക്കും.
യെല്ലോ അലര്‍ട്ട്
ജൂണ്‍ 12 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂണ്‍ 13 : കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഓറഞ്ച് അലര്‍ട്ട്
ജൂണ്‍ 14 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
അതേസമയം പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുളളതിനാല്‍ വെള്ളി മുതല്‍ തിങ്കള്‍ വരെയുളള മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു.