പണി തുടങ്ങാത്ത വിമാനത്താവളത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നില്ല. പദ്ധതി പ്രഖ്യാപിച്ചിട്ട് 24 വര്‍ഷം പിന്നിടുമ്പോഴും പണി തുടങ്ങാത്ത വിമാനത്താവള പദ്ധതിയുടെ പേരിനെ ചൊല്ലിയാണ് പുതിയ വിവാദം. നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പരേതനായ പി ഡബ്ള്യു പി നേതാവ് ഡി ബി പാട്ടീലിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനാണ് പുതിയ നീക്കം.
നവിമുംബൈ അന്താരാഷ്ട വിമാനത്താവളത്തിന് ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പേരു നല്‍കണമെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ അംഗീകരിച്ചു കൊണ്ടുള്ള സിഡ്കോയുടെ പ്രസ്താവന മന്ത്രിസഭയ്ക്ക് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് സംഘര്‍ഷ സമിതിയുടെ പ്രക്ഷോഭം നടത്തുവാനുള്ള തീരുമാനം.
താനെ, പാല്‍ഘര്‍, റായ്ഗഡ്, മുംബൈ ജില്ലകളിലെ ആഗ്രി, കോളി, സമുദായക്കാരെയും ഗ്രാമീണരെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കല്യാണിലെ 27 ഗ്രാമങ്ങളിലെ സര്‍വകക്ഷി സംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ പത്തിന് പ്രക്ഷോഭം നടത്തുക. ഇതിന്റെ ഭാഗമായി കല്യാണ്‍ ഈസ്റ്റിലെ ടാറ്റ പവര്‍ കമ്പനി മുതല്‍ ഷില്‍ ഫാട്ട, ദഹിസര്‍ മോറി, നേവാളി നാക്ക, തിസ്ഗാവ് നാക്ക വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സമാധാനപരമായും മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് സംഘര്‍ഷസമിതി വൈസ് പ്രസിഡന്റ് ഗുലാബ് വസെ അറിയിച്ചു.