ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ എം എ ഉത്തരാഖണ്ഡ് രംഗത്തെത്തി. ബാബ രാംദേവ് ആലോപതി ചികിത്സ രീതിയെ പറ്റി നടത്തിയ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞു വീഡിയോ പോസ്റ്റ് ചെയ്യുകയും, രേഖാമൂലം മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ 1000 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ രാംദേവിന്റെ വിഡിയോയില്‍ അലോപ്പതി ഒരു മുടന്തന്‍ ശാസ്ത്രമാണെന്നും രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് ആലോപ്പതി ചികിത്സയിലൂടെയാണ് ലക്ഷങ്ങള്‍ മരിക്കുന്നതെന്നും പറഞ്ഞിരുന്നു.
ഇതിനെതിരെ ഐ എം എ ശക്തമായി പ്രതിഷേധിച്ചിരുന്നു. ബാബ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ഷവര്‍ദ്ധന്‍ രംഗത്തെത്തിയതോടെയാണ് ബാബ രാംദേവ് മാപ്പ് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസം വീണ്ടും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയുമായി ബാബ രാംദേവ് രംഗത്തെത്തി.
ആലോപ്പതി മരുന്ന് ഉപഗോഗിച്ച് രോഗം മാറ്റാന്‍ സാധിക്കില്ലെന്നും പ്രമേഹരോഗികളെ മരുന്ന് കൊടുത്ത് ആയുഷ്‌കാലം രോഗികളാക്കുകയാണ് അലോപ്പതി ചെയ്യുന്നതെന്നും ബാബ രാംദേവ് പറഞ്ഞു. ഇതിനെതിരെയാണ് ഐ എം എ മാനനഷ്ടത്തിനു നോട്ടീസ് അയച്ചത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഐ എം എ വ്യക്തമാക്കി.