ലോകഡൗണിനോട് അനുബന്ധിച്ച് കൊല്ലം നഗരത്തിൽ വാഹനപരിശോധന കർശനമാക്കി. എങ്കിലും പല കാരണങ്ങൾ പറഞ്ഞ് സത്യവാങ്മൂലം നൽകി യാത്രചെയ്യുന്നവർ ഏറെയാണ്. ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ ആവാതെ നിസ്സഹായ കരാവുകയാണ് പോലീസുകാർ.
ഒരു കണക്കിന് ഇങ്ങനെ വരുന്ന യാത്രക്കാരെ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
എങ്കിലും വരുന്ന എല്ലാ വാഹനങ്ങളിലെ യാത്രക്കാരെയും കൈകാണിച്ച് നിർത്തി പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. എന്നാൽ, നിസ്സാര കാരണങ്ങൾ പറഞ്ഞ് സഞ്ചരിക്കുന്നവരും ഇല്ലാതില്ല.
ഇക്കൂട്ടരെ പിഴ ഈടാക്കാതെ തിരിച്ചയക്കുകയാണ് .

ആദ്യ ലോക്ഡൗണിൽ സ്വീകരിച്ച നടപടിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഇക്കുറിയുള്ളത്. വളരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായിട്ടും അത് ഇപ്പോഴത്തെ സാഹചര്യത്തിൽ തീർത്തും നടപ്പിലാക്കാൻ കഴിയുന്നില്ല. ഒരുഭാഗത്ത് വാക്സിനേഷൻ നടക്കുന്നതിനാൽ അവിടെ എത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് ഒഴിവാക്കാൻ ആവുന്നതല്ല. അതേപോലെ, ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ജോലിക്ക് എത്തുന്ന വരെയും ഒഴിവാക്കാനാവുന്നതല്ല.

സമ്പൂർണ്ണ അടച്ചിടൽ എന്നത് അപ്രായോഗികമാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കർക്കശ നിലപാട് സ്വീകരിച്ചാൽ ജനജീവിതത്തെ കൂടുതൽ സങ്കീർണമാക്കുകയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്. ഇതിന് പരിഹാരമായി വ്യക്തികൾ തന്നെ ഇക്കാര്യത്തിൽ നിഷ്ക്കർഷത പുലർത്തിയാൽ പരിഹാരമാകാവുന്നതേയുള്ളൂ.
