എൽപി, യുപി, എച്ച്എസ്എ സ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ നിയമനം വേഗതയിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് ഡിവൈഎഫ്‌ഐ നിവേദനം നൽകി. നിയമന ഉത്തരവ് ലഭിച്ചെങ്കിലും സ്‌കൂളുകൾ തുറക്കാത്തത് മൂലം ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉദ്യോഗാർത്ഥികളിൽ ഇത് വലിയ ആശങ്ക ജനിപ്പിച്ചിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ അക്കാഡമിക് വർഷം സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് രൂക്ഷമായതോടെ നിയമനം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഈ അനിശ്ചിതത്വം എൽജിഎസ്, എൽഡിസി മാത്രമല്ല മറ്റ് നിരവധി ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ പ്രമോഷനുകൾ വിവിധ കാരണങ്ങളാൽ വൈകിയിട്ടുണ്ട്.
വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 3 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകിയതെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.