സൂയസ് കനാലില്‍ യാത്ര തടസ്സം സൃഷ്ടിച്ച കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ എവര്‍ ഗിവണിനെ ആറ് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലായിരുന്നു ചലിപ്പിക്കാനായത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ഭീമന്‍ നഷ്ടപരിഹാരവും എവര്‍ ഗിവണ് മേല്‍ സൂയസ് കനാല്‍ അധികൃതര്‍ വിധിച്ചിരുന്നു. 900 മില്യണ്‍ യുഎസ് ഡോളറായിരുന്നു നഷ്ടപരിഹാര തുക. ഈ തുക അടയ്ക്കാത്തിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട് .
ഇത്രയും ദിവസമായിട്ടും കപ്പല്‍ ഉടമകള്‍ പണമടച്ചില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഒസാമ റാബിയുടെ വിശദീകരണം.
കനാല്‍ അധികൃതരുടെ അഭ്യര്‍ത്ഥനയില്‍ തിങ്കളാഴ്ച രാവിലെയാണ് ഇസ്മായിലിയയിലെ കോടതി കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ഈജിപ്തിലെ ഗ്രേറ്റ് ബിറ്റര്‍ ലേക്കിലാണ് എവര്‍ഗിവണ്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇരുപത്തിയഞ്ചിലേറെ ഇന്ത്യക്കാരായ ജീവനക്കാരും കപ്പലിലുണ്ട്. കപ്പല്‍ പിടിച്ചെടുത്ത കാര്യം ജീവനക്കാരെയും കമ്പനിയേയും അറിയിച്ചിട്ടുണ്ട്. അതേസമയം തന്നെ നഷ്ടപരിഹാര തുക സംബന്ധിച്ച് കനാല്‍ അതോറിറ്റിയമായി കപ്പല്‍ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.