ലൈംഗിക പീഡനം ചെറുത്തതിന് കടയ്‌ക്കാവൂർ കീഴാറ്റിങ്ങൽ കുറവൂർക്കോണം കൊടിക്കകത്ത് വീട്ടിൽ ശാരദയെ(56) വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങി . കടയ്‌ക്കാവൂർ കീഴാറ്റിങ്ങൽ വില്ലേജിൽ പനയിൽകോണം പുല്ലുവിള അപ്പൂപ്പൻനട ക്ഷേത്രത്തിന് സമീപം ചരുവിള പുത്തൻവീട്ടിൽ മണികണ്‌ഠനാണ് (35) പ്രതി.
2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിന്റെ മരണത്തെതുടർന്ന് ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്നു. പ്രതി മണികണ്‌ഠൻ ശാരദയുടെ വീടിനടുത്ത് താമസക്കാരനാണ്.
ശാരദ കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ആലംകോട് പൂവൻപാറ കൊച്ചുവീട്ടിൽ മനുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും മണികണ്‌ഠൻ പ്രതിയാണ്. പ്രതി മണികണ്‌ഠന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇപ്പോഴും ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യത്തെളിവുകളും ശാസ്‌ത്രീയമായ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 47 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിക്കും. 24 രേഖയും 20 തൊണ്ടി മുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ കോടതിയിൽ ഹാജരാകും. കടയ്‌ക്കാവൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ സി.ഐ ജി ബി മുകേഷാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.