സഹകരണമേഖലയിൽ ആതുരസേവനരംഗത്തെ സിപിഐയുടെ ഭരണനേതൃത്വത്തിലുള്ള കൊല്ലം സി.അച്യുതമേനോന്‍ സഹകരണ ആശുപത്രി ലിക്വിഡേഷന് സമാനമായി. സ്വന്തമായി പര്യാപ്തമായ കെട്ടിടങ്ങളും ശസ്ത്രക്രിയ സംവിധാനങ്ങളുമുള്ള ആശുപത്രി ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭനത്തിലായിരിക്കുകയാണ്. ഏറ്റവും നന്നായി പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ ആതുര സേവന രംഗത്ത് നാട്ടുകാര്‍ക്ക് ഫലപ്രദമായിരുന്ന ആശുപത്രി ഇന്ന് അവസാന നാളുടെ ഘട്ടത്തിലാണ്
1984 ല്‍ സ്ഥാപിതമായ സഹകരണ ഗ്രൂപ്പ് ആശുപത്രിയാണ് പില്‍ക്കാലത്ത് സി. അച്യുതമേനോന്‍ സഹകരണ ആശുപത്രിയായത്. തൊഴിലാളികളുടെയും ഡോക്ടര്‍മാരുടേയും സജീവ സാന്നിധ്യത്തോടെ പ്രവര്‍ത്തിച്ചു വന്ന ആശുപത്രിയില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവരുമായി നാമ മാത്രമായി പ്രവര്ത്തിച്ചു പോകുകയാണ്. ആകെ ഒരു ഓ പി വിഭാഗവും പേരിനു വേണ്ടി ആധുനികതയുടെ പോരായ്മയിലുള്ള ഒരു ലാബും കാലഹരണപ്പെട്ട ഒരു എക്സ് റേ യൂണിറ്റും മാത്രമാണുള്ളത്. പരിശീലനമുള്ള ലാബ് ടെക്നീഷ്യനോ നഴ്സുമാരോ ഈ ആശുപത്രിയിലില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അംഗീകാരമുള്ളത് ആകെ ഒരു തൊഴിലാളി മാത്രമാണ്. ശേഷിക്കുന്ന അതായത്, മിതമായിട്ടുള്ള തൊഴിലാളികള്‍ ദിവസ വേതനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സംഘത്തിനു ഒരു പെയിഡ് സെക്രട്ടറി പോലുമില്ല. ആകെയുണ്ടെന്നു പറയാവുന്നത് സംഘത്തിനു സ്വന്തമായി ഏക്കര്‍ കണക്കിന് ഭൂമിയും പിന്നെ കുറെ കെട്ടിടങ്ങള്മാണ്. കെട്ടിടങ്ങളില്‍ ചിലത് അധികം വര്‍ഷങ്ങള്‍ പിന്നിടാതെ കെട്ടിയതും പ്രയോജനമില്ലാതെ കിടക്കുന്നതുമാണ്.ആശുപത്രി അവസാനനാള്കളുടെ ദീര്‍ഘശ്വാസം അഥവാ ഊര്‍ദ്ധശ്വാസത്തില്‍ ദിവസങ്ങള്‍ കഴിച്ചു പോകുകയാണ്. യഥാര്‍ത്ഥത്തില്‍ സി പി ഐ യുടേ ഭരണ നേതൃത്വത്തിന്റെ തീര്‍ത്തും പിടിപ്പു കേടാണ് ആശുപത്രി ഈ അവസ്ഥയിലെത്താന്‍ കാരണമായത്.
അടുത്ത കാലത്ത് അന്തരിച്ച മുഖത്തല ചെല്ലപ്പന്‍ പിള്ളയായിരുന്നു ആശുപത്രിക്കു ജന്മം നല്‍കിയത്. തുടര്‍ന്ന് നീണ്ട വര്‍ഷങ്ങള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം സുവര്‍ണ്ണ ദശയിലായിരുന്നു. ചെല്ലപ്പന്‍ പിള്ള ഭരണ സാരഥ്യം കൈവിട്ടതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കാൻ തുടങ്ങി. പിന്നീട് വന്ന ഭരണക്കാര്‍ക്ക് അഥവാ കമ്മിറ്റി അംഗങ്ങള്‍ക്ക് ആശുപത്രിയെ നേര്‍വഴിക്കു കൊണ്ട് പോകാനായില്ല. ഗൈനക്ക് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിച് യശ്ശസ് നിലനിര്‍ത്തിവന്ന ആശുപത്രിയാണ് ചെല്ലപ്പന്‍ പിള്ളയുടെ പിന്‍ വാങ്ങലിനെ തുടര്‍ന്ന് ക്ഷയിച്ച് തുടങ്ങിയത്.
ദീര്‍ഘകാലം ആശുപത്രിയുടെ പ്രസിഡന്റായിരുന്ന ചെല്ലപ്പന്‍ പിള്ള സ്ഥാനം ഒഴിഞ്ഞതോടെ പിന്നീട് വന്ന പ്രസിഡന്റ്‌മാര്‍ക്ക് ആര്‍ക്കും തന്നെ ആശുപത്രിയെ നേര്‍ദിശയില്‍ കൊണ്ടുപോകാനായില്ല. സി പി ഐ ജില്ലാ സെക്രട്ടറിയായി ഇരിക്കുന്ന അഡ്വ. കെ. അനിരുദ്ധന്‍ ഉള്‍പ്പെടെ പ്രശസ്തരായ വ്യക്തികള്‍ ചെല്ലപ്പന്‍ പിള്ളയെ തുടര്‍ന്ന് ഭരണ സാരഥ്യം കൈയ്യാളിയവരില്‍പ്പെടുന്നു.
ഇപ്പോള്‍ ആശുപത്രിയുടെ പ്രസിഡന്റായിട്ടുള്ളത് എം എല്‍ എ യും പല കാഴ്ചപ്പാടുകളുമുള്ള ആര്‍. രാമചന്ദ്രനാണ്. എന്നിട്ടുപോലും മുങ്ങിത്താഴുന്ന ആശുപത്രിയെ കര കയറ്റാന്‍ അദ്ദേഹത്തിനു പോലും ആകുന്നില്ല. യഥാര്‍ത്തത്തില്‍ അതിനുള്ള ശ്രമം നടത്തുന്നില്ല എന്നതാണ് പച്ചയായ യാഥാര്‍ഥ്യം.
ഭരണ സാരധ്യത്തില്‍ സി പി എം ന്റെ പങ്കാളിത്വവുമുണ്ട്. അത് ഉണ്ടെന്നല്ലാതെ, ഒരു കാര്യവുമില്ല.കമ്മിറ്റി പോലും കൂടാറില്ല.
ചുരുങ്ങിയ കാലയളവ് കൊണ്ട് സി പി എം ന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ പാലത്രയില്‍ രൂപം കൊണ്ട എന്‍ എസ് സഹകരണ ആശുപത്രിയുടെ അസൂയാവഹമായ വളര്‍ച്ച സി പി എം ഭരണ നേതൃത്വത്തിന്റെ കരുത്തുറ്റ മാതൃകയാണ് കാണിക്കുന്നത്. യഥാര്‍ത്തത്തില്‍ ദിനം തോറും അത് അസൂയാവഹമായി വളര്‍ച്ചയുടെ കൊടുമുടികള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇതുകണ്ടെങ്കിലും സി പി ഐ ക്കാര്‍ ഒന്ന് ലജ്ജിക്കാനെങ്കിലും സാമാന്യത കാണിക്കേണ്ടതാണ്. ഏതു കാര്യത്തിലും സി പി എംനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഭരിക്കാന്‍ അല്ലെങ്കില്‍ നയിക്കാന്‍ അറിയാം. സി പി ഐ ക്കു അറിയാതെ പോയത് അതാണ്. കഴമ്പില്ലാത്ത വാചകങ്ങളും പ്രസ്താവനകളും കൊണ്ട് ഇരുട്ട്കൊണ്ട് സുഷിരം അടയ്ക്കാനുള്ള ശ്രമമാണ് പകരം നടത്തി വരുന്നത്. ഇതിനിടയില്‍ അച്യുതമേനോന്‍ ആശുപത്രിയുടെ വിവിധ ദൃശ്യങ്ങള്‍ വാക്കുകള്‍ക്കൊപ്പം കടന്നു പോയെങ്കിലും അതിന്റെ ദുരവസ്ഥ ഒന്ന് വ്യക്തമാക്കാതെ പോകാന്‍ കഴിയില്ല.
ശാസ്ത്രക്രിയ വിഭാഗം തന്നെ എടുക്കാം. ആധുനികതയുടെ മുഖാവരണം നല്‍കാമെങ്കിലും ഈ കാണുന്ന ഉപകരണങ്ങളെല്ലാം കാലഹരണപ്പെട്ടതും അല്ലെങ്കില്‍ ഉപയോഗിക്കാതെ നശിച്ച അല്ലെങ്കില്‍, നശിക്കുന്ന അവസ്ഥയില്‍ ആയിട്ടുള്ളതാണ്. പല പ്രശസ്ത ഗൈനാക്കോളജിസ്റ്റുകളും ഈ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നത് ഏറെ ശ്രദ്ധാവാഹമാണ്. എന്തിനു ഏറെ പറയുന്നു, ലാബില്‍മൂത്രം പരിശോധിക്കാന്‍ എത്തുന്നവര്‍ തരുന്ന ചെറിയ കുപ്പിയില്‍ മൂത്രം എടുത്തു നല്‍കേണ്ടത് ഈ കാണുന്ന അവസ്ഥയിലുള്ള ഭാഗത്ത് നിന്നും വേണം. ഇത് തന്നെ ആശുപത്രിയുടെ ദയനീയതയുടെ ഭീകര മുഖത്തിനു സാക്ഷ്യം നല്കുന്നതാണ്.
ഇവിടെ ഇപ്പോള്‍ നാമ മാത്രമായി വന്നു പോകുന്ന തൊഴിലാളികള്‍ ആശുപത്രിയ്ക്ക് നല്ല ഒരുനാള്‍ വരും എന്ന ശുഭപ്രതീക്ഷയിലാണ്. പേരിനു വേണ്ടി ഓ പി വിഭാഗത്തിലുള്ള ഒരു ഫിസിഷ്യന്റെയും അതും ഉച്ച വരെ മാത്രം ഡ്യൂട്ടിയുള്ള ആ ഡോക്ടറുടെയും വൈകിട്ട് പരിശീലനത്തിന്റെ ഭാഗമായി എത്തുന്ന യുവ ഡോക്റ്റര്‍മാരുടേയും ഏക ആശ്രയത്തിലാണ് ആശുപത്രി അന്ത്യ നാളുകളുമായി കടന്ന് പോകുന്നത്.
ഫിസിഷ്യനു ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്തതിനാല്‍ അദ്ദേഹം ജോലി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയ്ക്ക് മാറ്റമുണ്ടാകുമെന്നു കാത്തിരിക്കുന്ന തൊഴിലാളികള്‍ യഥാര്‍ത്തത്തില്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. അവര്‍ തന്നെ ശമ്പളമായി എടുക്കുന്നത് ആരെങ്കിലും പനിപോലുള്ള രോഗവുമായി എത്തുമ്പോള്‍ വാങ്ങുന്ന തുക പങ്കിട്ടെടുത്താണ്.ആശുപത്രിയ്ക്ക് എം പി ഫണ്ടില്‍ ലഭിച്ച ആംബുലന്‍സും, കൂടാതെ മറ്റൊരു ആംബുലന്സും സ്വന്തമായുണ്ട്. അതും ഉപയോഗമില്ലതെ കിടക്കുന്നതിനാല്‍ ഇപ്പോള്‍ നാശം നേരിടുകയാണ്. തൊഴിലാളികള്‍ പലരും ആശുപത്രിയുടെ ശോചനീയാവസ്ഥ വെളിപ്പെടുത്താന്‍ തയ്യാറായെങ്കിലും പിന്നില്‍ നിന്നും എത്തിയ ഭീഷണിയുടെ സ്വരം അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.
യഥാര്‍തത്തില്‍ എന്തിനാണ് ഇങ്ങനെ ഒരു ആശുപത്രി? സഹകരണ മേഖലയ്ക്കു തന്നെ അപമാനമല്ലേ? ആശുപത്രി പലരും ലീസിനെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നെങ്കിലും അതിനും ഭരണ നേതൃത്വം’ തയ്യാറായില്ലെന്നു കേള്‍ക്കുന്നു.എന്തിനു ഏറെ പറയുന്നു…. സിപിഐ യുടേ ബ്രാഞ്ച് കമ്മിറ്റിക്കാര്‍ ആശുപത്രി ഏറ്റെടുക്കാമെന്ന് നിര്‍ദേശം വെച്ചെങ്കിലും അതിനും ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായെന്നറിയുന്നു. ഏതായാലും, സഹകരണ മേഖലയില്‍ ഒരു കാലത്ത് സുവര്‍ണ്ണ ദശയില്‍ നിന്ന ആശുപത്രി ഇന്ന് ഈ നിലയില്‍ എത്തിച്ചതിനു പിന്നില്‍ ഉത്തര വാദികള്‍ ആരാണ്? അതിനു ഉത്തരം പറയേണ്ടത് സിപിഐ ക്കാര്‍ തന്നെ. മറ്റാരെയും പഴി ചാരിയിട്ടു കാര്യമില്ല. ഒന്നുകില്‍ ഈ ആശുപത്രി എല്ലാ അര്‍ത്ഥത്തിലും മുന്നിട്ടു കൊണ്ട് പോകാന്‍ സി പി ഐ ഭരണ സാരഥ്യത്തിനു കഴിയണം. അല്ലെങ്കിൽ ഭരിക്കാന്‍ അറിയുന്നവര്‍ക്ക് കൈമാറ്റം നടത്താനുള്ള സന്മനസ് എങ്കിലും കാണിക്കേണ്ടതാണ്. അല്ലെങ്കിൽ ഉത്തരവാദിത്വ ബോധം അല്ലെങ്കിൽ ഔചിത്യം എങ്കിലും കാണിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.