മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം
ഭാഗം -1
മുടിയുടെ ശാസ്ത്രീയത
സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു. ചുണ്ട്, കൈവെള്ള, കാൽവെള്ള എന്നീ ഭാഗങ്ങളിൽ രോമങ്ങൾ വളരുന്നില്ല. തല, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ രോമങ്ങൾ കൂടുതൽ വളരുന്നു. യഥാർത്ഥത്തിൽ രോമങ്ങൾ അത് വളരുന്ന ഭാഗങ്ങളെ സംരക്ഷിക്കുകയാണ് ധർമ്മം.
പലരിലും വ്യത്യസ്ത രീതിയിലാണ് മുടിയുടെ നിറം. ചെമ്പൻ, തവിട്ട്, കറുപ്പ് എന്നീ രീതികളിൽ കണ്ടുവരുന്നു.
പ്രായപൂർത്തി എത്തിയവരുടെ ശരീരമാസകലമായി ഏകദേശം തൊണ്ണൂറായിരത്തിനും ഒരു ലക്ഷത്തി അൻപതിനായിരത്തിലുമധികം മുടികളുണ്ട്. സാധാരണ ഗതിയിൽ ഒരു മുടിയുടെ ആയുസ് രണ്ട് മുതൽ ആറ് വർഷം വരെയാണ്. അപൂർവ്വമായി ചിലരിൽ ഇരുപതോളം വർഷം വരെ മുടി കൊഴിയാതെയിരിക്കുന്നു.
കേരളീയർ പൊതുവെ ലിംഗഭേദമന്യെ ധാരാളം മുടിയുള്ളവരാണ്. കാലാവസ്ഥയും ശുചിത്വ ബോധവുമാണ് അതിന് പ്രധാന കാരണങ്ങളായിട്ടുളളത്.
കേരളീയരിൽ ഏറിയ പേരും കറുത്ത മുടിയുള്ളവരാണ്. അതും ഇട തിങ്ങിയ മുടിയുളളവർ.
കേരളത്തിലെ സ്ത്രീകൾ മുടിയുടെ കാര്യത്തിൽ ഭാഗ്യമുള്ളവരാണ്. ഇക്കാരണത്താൽ പ്രത്യേകിച്ചും വനിതകൾ മുടി സംരക്ഷിക്കേണ്ടത് ഏറ്റവും ആവശ്യമാണ്.
മുടിയുടെ ഭാഗത്തെ രണ്ടായി തരം തിരിക്കാം. ചർമ്മത്തിന് പുറത്ത് കാണുന്ന ഭാഗമായും ചർമ്മത്തിന് ഉള്ളിൽ കാണുന്ന ഭാഗമായും. പുറത്ത് കാണുന്ന ഭാഗത്തിന് ‘ഷാഫ്റ്റ്’ എന്നും ഉൾഭാഗത്തിന് ‘റൂട്ട്’ എന്നും പറയുന്നു. ഷാഫ്റ്റ് നിർജ്ജീവ കോശങ്ങളാൽ നിർമ്മിതമാണ്. മുടിയിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, സൾഫർ, കൂടാതെ കടുപ്പമുളള ‘കെരാറ്റിൻ’എന്നീ മൂലകങ്ങളും ഉണ്ട്. കനമുള്ള കറുത്ത മുടിയിൽ കൂടുതൽ കാർബണും ഹൈഡ്രജനും ഉൾപ്പെടുന്നു. ത്വക്കിനടിയിൽ ചെറിയ മുഴയുടെ രൂപത്തിലുള്ള ‘പാപ്പിലാ’യിൽ നിന്നാണ് മുടി ആരംഭിക്കുന്നത്. അതിൽ നിന്നും മുടിയെ പുറത്തേക്ക് വിന്യസിക്കുന്നതിലൂടെ മുടി വളരുന്നു.
ത്വക്കിനടിയിലെ മുടിയ്ക്ക് പല ലെയറുകൾ ഉണ്ട്. മദ്ധ്യഭാഗത്താണ് ‘മെഡുല’. അതിനെ പൊതിഞ്ഞ് ‘ഹെയർ ബൾബ്’ സ്ഥിതി ചെയ്യുന്നു. ഹെയർ ബൾബിന് പുറത്തായി ‘കോർട്ടെക്സ്’. കോർട്ടെക്സിനെ പൊതിഞ്ഞ് ‘ക്യൂട്ടിക്കിൾ’. അതിന് പുറമെ ‘ഫോളിക്കിൾ’. ഫോളിക്കിളാണ് യഥാർത്ഥത്തിൽ തലമുടിക്ക് ആകൃതി നല്കുന്നത്. വൃത്താകൃതിയിലുള്ള ഫോളിക്കിളുകൾ നീളമുള്ള മുടി നല്കുന്നു. ഓവൽ ആകൃതിയിലുള്ളവ അല്പം ചുരണ്ട നീളമുള്ള മുടിയെയും. കിഡ്നിയുടെ ആകൃതിയിലുള്ള ഫോളിക്കിൾസ് പരുപരുത്തതും നീളം കുറഞ്ഞതുമായ മുടിക്ക് കാരണമാകുന്നു.
തലമുടിക്ക് നിറം നല്കുന്നത് ‘മെലാനിൻ’ ആണ്. മുടിയിൽ ഏകദേശം തൊണ്ണൂറ്റി ഏഴ് ശതമാനം പ്രോട്ടീനും മൂന്ന് ശതമാനം ഈർപ്പവും അടങ്ങിയിരിക്കുന്നു.
തുടരും …