സൗന്ദര്യ സംരക്ഷണത്തിൽ മുടിയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളിൽ. പക്ഷേ, പഴയ കാല സങ്കല്പങ്ങളിൽ നിന്നും ഇന്ന് എത്രയോ കാതം അകലെയായിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ, കാലത്തിന്റെ പോക്ക് വരുത്തിയ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഒരു കണക്കിന് പരിതാപത്തിനിടയാക്കുകയാണ്.
വാർമുടിയിഴകളുടെ അഴകിന്റെ വാഗ്മയ ചിത്രങ്ങൾ കവി ഭാവനയുടെ അതി മനോഹാരിതയാണ് വിഭാവന ചെയ്തിരുന്നത്. പക്ഷേ, ഇന്നത്തെ കവി ഭാവനയിലും അതിന് ഏറെ മാറ്റമുള്ളതായി കാണുന്നു.
ഫാഷന്റെ അതിപ്രസരത്തിൽ സ്ത്രീ സൗന്ദര്യ സങ്കല്പത്തിന് പോലും രൂപഭാവങ്ങൾ സംഭവിച്ചിരിക്കുന്നു.
നിതംബത്തിന് താഴെ ഇടതൂർന്ന, ഘനഗാംഭീരതയോടെയുളള മുടി ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം ദൈവത്തിന്റെ വരദാനമാണ്. പ്രകൃതി തന്നെ മുടിയിഴകൾക്ക് ഒരു മാസ്മരിക ഗന്ധം നല്കിയിട്ടുണ്ട്. ആസ്ഥാനത്താണ് മുടി സംരക്ഷണത്തിന്റെ പേരിൽ പല കോസ്മെറ്റിക് ഷാമ്പുകൾ ഉപയോഗിച്ച്, താത്ക്കാലിക മണം നല്കുന്നതെന്ന് ഈ അവസരത്തിൽ ഓർക്കേണ്ടതായുണ്ട്.
ഇന്നത്തെ തലമുറയിലെ സ്ത്രീകൾ പ്രത്യേകിച്ചും, യുവതികളിൽ കൂടുതൽ പേരും എന്തുകൊണ്ടോ മുടി നീട്ടി വളർത്താൻ ആഗ്രഹിക്കുന്നില്ല. പലരും നീളമുള്ള മുടി വെട്ടി മുറിച്ച് “സ്ട്രെയ്റ്റനിംഗ് ” ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പിന്നെ, കറുത്ത മുടിയെ കളർ ചെയ്ത് വികൃതമാക്കാനും താത്പര്യപ്പെട്ടു കാണുന്നു.
അക്ഷരാർത്ഥത്തിൽ ഇതിന്റെ സാംഗത്യവും അടിസ്ഥാനവും എന്തെന്ന് ഇനിയും മനസിലാകേണ്ടിയിരിക്കുന്നു.
മുടിയഴകിനെപ്പറ്റി ഒരു പരമ്പര സമന്വയം ആരംഭിക്കുന്നു. തുടർന്നുള്ള എപ്പിസോഡുകളിൽ പ്രതീക്ഷിക്കാം. വിവിധ മേഖലകളിലെ സ്ത്രീ – പുരുഷൻമാർ ചർച്ച ചെയ്യപ്പെടുന്ന അഭിപ്രായങ്ങൾ, അറിവുകൾ എന്നിവ പങ്കുവെയ്ക്കുന്നു.