ജയന്റെ സിനിമാ ജീവിതത്തിന്റെ പിന്നിൽ അല്ലെങ്കിൽ, ശ്രദ്ധേയനായ ഒരു വ്യക്തിത്വമായതിന്റെ പിന്നിൽ ഏറെ ത്യാഗവും സഹിഷ്ണുതയും ഉണ്ടായിരുന്നു എന്നത് പലർക്കും അറിയാവുന്നതല്ല.
ഒരു പ്രത്യേക സാഹചര്യത്തിൽ ജയൻ സിനിമാ നടനായി. ഒടുവിൽ നൂറിലധികം ചിത്രങ്ങളിലും അഭിനയിച്ചു.
ജയൻ സിനിമാ ജീവിതം തുടങ്ങുമ്പോൾ, ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച ശേഷം, കൂടതൽ ശ്രദ്ധേയനാക്കാൻ അദ്ദേഹത്തിന്റെ റൈറ്റപ്പ് നാന സിനിമ വാരികയിൽ വന്നു കാണാൻ എഡിറ്ററായിരുന്ന എസ് രാമകൃഷ്ണനെ സമീപിക്കുകയുണ്ടായി. എസ് രാമകൃഷ്ണൻ ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹം എന്റെ ഗുരുക്കളിൽ ഒരാളായിരുന്നു. എസ് രാമകൃഷ്ണൻ മലയാളിയായിരുന്നില്ല. ചുരുക്കി പറഞ്ഞാൽ, മലയാളത്തിൽ അഗ്നി പ്രവേശം, തെക്കോട്ട് പായുന്ന കുതിരകൾ, വേമ എന്നീ പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരൻ കൂടിയാണ്.
അന്നൊക്കെ, അതൊരു വ്യക്തിയും ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചാൽ, പ്രസിദ്ധീകരണങ്ങളൊന്നും വലുതായി പ്രോത്സാഹിപ്പിക്കുകയോ റൈറ്റപ്പുകൾ നടത്തുകയോ ഉണ്ടായിരുന്നില്ല. അതിനൊക്കെ ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. അവർ അവരുടെ പ്രാഗല്ഭ്യം ഏറെ തെളിയിച്ചെങ്കിൽ മാത്രമെ, അത്തരം ഒരു പ്രമോഷൻ ലഭിക്കുമായിരുന്നുള്ളൂ. നാനയിൽ നല്ല രീതിയിൽ ഒരു റൈറ്റപ്പ് വന്നാൽ പിന്നെ, ആ അഭിനേതാവ് അല്ലെങ്കിൽ അഭിനയേത്രി വളരെ പ്രശസ്തമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആ കാലം ഇപ്പോൾ വെറും ഒരു ഓർമ്മ മാത്രമാണ്.
ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. നേരെ വിപരീതമായിരിക്കുന്നു. ഇന്ന് ആരെങ്കിലും സിനിമയിലോ സീരിയലോ ഒന്ന് മുഖം കാണിച്ചാൽ മതി; അവരെ ഓരോ മീഡിയായും വീതം വെച്ച് കോളം നികത്തുകയും ഫ്രെയിമുകളിൽ സന്നിവേശിപ്പിച്ചും അനാവശ്യമായി, പുകഴ്ത്തി അവരെ സ്വാർത്ഥരാക്കി മാറ്റുന്നു. അല്ലെങ്കിൽ, അഹങ്കാരികളാക്കി മാറ്റുന്നു.
ജയന്റെയൊക്കെ കാലഘട്ടം ഒരിക്കലും അങ്ങനെയായിരുന്നില്ല.
നാനാ എഡിറ്റർ എസ് രാമകൃഷ്ണനോട് ജയൻ റൈറ്റപ്പിനെപ്പറ്റി സംസാരിച്ചപ്പോൾ, സ്വതസിദ്ധമായ രീതിയിൽ ജയനോട് : ” വരട്ടെ … സമയമാകട്ടെ … സമയമാകുമ്പോൾ തീർച്ചയായും കൊടുക്കാം” എന്ന് രാമകൃഷ്ണൻ പറഞ്ഞു.
എന്നാൽ, പിന്നെയും കുറെ സിനിമകൾ അഭിനയിച്ച ശേഷമാണ് ജയന്റെ റൈറ്റപ്പ് നാനയിൽ പ്രത്യക്ഷപ്പെട്ടത്. അത് ഏറ്റവും ശ്രദ്ധേയവും അത്യന്തം പ്രചുര പ്രചാരം അർഹിക്കുന്നതുമായിരുന്നു.
ജയൻ അഭിനയിച്ച കഥാപാത്രങ്ങളുടെ വ്യത്യസ്ത ഫോട്ടോകൾ ആലേഖനം ചെയ്തായിരുന്നു റൈറ്റപ്പ് ഇറങ്ങിയത്. പിന്നീട് ഇറങ്ങുന്ന നാനയുടെ ഓരോ ലക്കത്തിലും ജയന് പ്രത്യേകമായി ഇടമുണ്ടായിരുന്നു. തുടർന്നുണ്ടായ ജയനിലെ ആത്മ സംതൃപ്തി എന്റെ ഗുരുവായ രാമകൃഷ്ണൻ എന്നോട് പറയുമ്പോൾ, ഞാൻ ആവേശത്തോടെ കേട്ടിരുന്നു.
കോളിളക്കത്തോടെ ജയൻ അരങ്ങൊഴിയുമ്പോൾ, മലയാള സിനിമയ്ക്ക് എന്നും ഒരു തീരാ നഷ്ടം വരുത്തിയാണ് വിട പറഞ്ഞത്.

ഒരു പക്ഷേ, ജയന് ശേഷം വന്നിട്ടുള്ള മലയാളത്തിലെ മഹാരഥൻമാരായിട്ടുള്ള നടൻമാരും ജയന്റെ അഭാവത്തിൽ വന്ന് ഭവിച്ചതാണോ എന്ന് വരെ തോന്നിപ്പോകും!
കാരണം, ജയൻ എന്ന അനശ്വര നടൻ(നടനത്തിന്റെ തികഞ്ഞ ഭാഷ്യം എന്ന് പറയുന്നില്ല) മലയാള സിനിമയ്ക്ക് എന്നും പ്രിയങ്കരവും മധുരിക്കുന്ന ഓർമ്മകളും സമ്മാനിച്ചാണ് അദൃശ്യതയിലേക്ക് മടങ്ങിയത്.
സമന്വയം ന്യൂസ് ജയന്റെ ദീപ്ത സ്മരണയ്ക്ക് മുമ്പിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുന്നു!
