മലയാളസിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89-ാം പിറന്നാള്‍.
1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മധു 1963 ല്‍ ‘നിണമണിഞ്ഞ കാല്പാടുകളി’ലൂടെയാണ് തന്റെ അരങ്ങേറ്റം കുറിക്കുന്നത് പിന്നീടങ്ങോട്ട് നിരവധി സിനിമകളിലൂടെ മലയാള സിനിമാ ലോകത്തിന്റെ തലത്തൊട്ടപ്പന്‍ ആകുകയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി യുവ നിരയിലെ താരങ്ങളടക്കം തങ്ങളുടെ ഗുരു സ്ഥാനത്ത് ഇന്നും കാണുന്നത് മധുവിനെയാണ്. റിലീസിനായി കാത്തിരിക്കുന്ന ‘കുഞ്ഞാലി മരയ്ക്കാറി’ലും മോഹന്‍ലാലിനൊപ്പം ഒരു പ്രധാന വേഷത്തില്‍ മധു എത്തുന്നുണ്ട്.
പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയില്‍ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. പതിറ്റാണ്ടുകള്‍ക്കുശേഷവും മധുവിനെ കാണുമ്പോള്‍ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുത്.
മാനസമൈനേ എന്നു തുടങ്ങുന്ന ഗാനം മലയാളത്തിന്റെ പ്രണയഗാനങ്ങളില്‍ ഇന്നും പ്രിയപ്പെട്ടതാണ്. പത്മശ്രീ, ജെ സി ഡാനിയേല്‍ പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ മധുവിനെ തേടിയെത്തയിട്ടുണ്ട്.
