കുണ്ടറ പടപ്പക്കരയിലെ കാഞ്ഞിരോട് കായലോരത്തെ കുതിരമുനമ്പ് റിസോര്‍ട്ടാണ് സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കുതിരയുടെ കൊമ്പ് പോലെയുള്ള ചെറിയ ഒരു മലയും തുരുത്തും ഇവിടെ ഉണ്ടായിരുന്നതിനാലാണ് കുതിര മുനമ്പെന്നു ഈ പ്രദേശത്തിന് പേര് വരാന്‍ കാരണം. അഷ്ടമുടിക്കായലിന്റെ ശാഖകളായ കുമ്പളത്ത് കായല്‍, പെരുമണ്‍ കായല്‍, കാഞ്ഞിരോട് കായല്‍ എന്നിവ ചേരുന്ന ഭാഗത്താണ് കുതിരമുനമ്പ് ഭാഗം. 2016 ല്‍ ഡി റ്റിപി സി ചെയര്‍മാനായിരുന്ന എസ്.പ്രസാദ് ആയിരുന്നു ഈ വിനോധസഞ്ചാര കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഏതു ഭാഗത്ത്നിന്നും കായല്‍ സൌന്ദര്യം ആസ്വദിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചില്‍ട്രന്‍സ് പാര്‍ക്കും, ബോട്ടിംഗ് സൌകര്യവും കായല്‍ വിഭവങ്ങളും ഒരുക്കിയാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇവിടുത്തെ ഓരോ പരിപാടിയും നടത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ കായലിലേക്കു ഒരുതരത്തിലുള്ള മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നില്ല. കായല്‍ സൌന്ദര്യത്തിനൊപ്പം മണ്‍ട്രോതുരുത്ത്,പനയം, പെരിനാട്, വെസ്റ്റ് കല്ലട, കുണ്ടറ, പേരയം എന്നീ പഞ്ചായത്തുകളിലെക്കു എളുപ്പമാര്‍ഗ്ഗം ജലഗതാഗതത്തിലൂടെ എത്താന്‍ സാധിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇവിടെ സര്‍ക്കാര്‍ ബോട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ക്ക് കുതിര മുനമ്പ് എന്ന ഭാഗത്തെക്കുറിച് അറിയാന്‍ അവസരവുമില്ല. അതോടെയാണ് ഈ സഞ്ചാര കേന്ദ്രത്തെക്കുറിച്ച് വിനോദസഞ്ചാരികള്‍ അറിയാതെ പോയത്. റോഡ് മാര്‍ഗ്ഗം ഇവിടേയ്ക്ക് എത്താന്‍ ഒരു വഴി മാത്രമാണുള്ളത്. കൊല്ലത്ത് നിന്നെത്തുന്ന ബോട്ടുകള്‍ക്ക് ജലഗതാഗത മാര്‍ഗ്ഗം ഇവിടെയെത്താന്‍ സൌകര്യമൊരുക്കിയാല്‍ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയുൾപ്പെടെ നാടിന്റെ പുരോഗതിയ്ക്ക് ഉതകുമെന്ന് പൊതുപ്രവര്‍ത്തകനായ ജോര്‍ജ് കെന്നഡി പറഞ്ഞു.
കായല്‍ സൌന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ ആയുര്‍വേദ ചികിത്സയ്ക്കും ,ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന പ്രകൃതി ചികിത്സാ കേന്ദ്രവും ഇവിടെ ആരംഭിച്ചാല്‍ അത് കൂടുതല്‍ വിദേശികളെയും ഇവിടേക്ക് ആകർഷിക്കാനാകുമെന്നു ആയുര്‍വേദ ഡോക്ടര്‍ ജാക്യുലിന്‍ പറയുന്നു.