കൊല്ലത്തെ ആദ്യ ഇംഗ്ലീഷ് ഗേൾസ് സ്ക്കൂളാണ് സെൻറ് ജോസഫ് കോൺവെൻ്റ്. സ്ഥാപിതം എ ഡി 1875. സ്ഥാപക മദർ വെറോനിക്ക.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നിക്ഷിദ്ധമായിരുന്ന കാലത്ത് പെൺകുട്ടികളെ സമൂഹത്തിൻ്റെ ഉന്നതിയിൽ എത്തിക്കുകയും സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുകയുമായിരുന്നു ലക്ഷ്യം.
ആ ലക്ഷ്യം ഇന്നും അഭംഗുരം തുടരുന്നു.
എട്ടാം തിയതി രാവിലെ ആഘോഷങ്ങൾക്ക് തുടക്കമാകും. വിളംമ്പര ഘോഷയാത്രയോടെ ആരംഭം. മോൺസിന്യോർ ഫാദർ ബൈജു ജൂലിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് , കരാട്ടെ പ്രകടനം, വിവിധ വേഷങ്ങളുടെ അവതരണം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവ അനുഗമിക്കും.
തുടർന്ന് നടക്കുന്ന ചടങ്ങിൽ മുൻ പി ടി എ പ്രസിഡൻ്റുമാരെ ആദരിക്കും. വിവിധ മത്സരക്കളികൾ ക്യാമ്പസിൽ അരങ്ങേറും.
വ്യാഴാഴ്ച രാവിലെ 8 ന് പ്രാർത്ഥനയോടെ രണ്ടാം ദിവസത്തെ ചടങ്ങുകൾ ആരംഭിക്കും. ആശിർവാദ ചടങ്ങ് കൊല്ലം ബിഷപ്പ് ഡോ. പോൾ മുല്ലശ്ശേരി ദീപം തെളിച്ച് നിർവ്വഹിക്കും.
പ്രധാന ഇനമായ “ജോസൈൻസ് അലൂമിനി അസോസിയേഷൻ” “ഞങ്ങൾ ദാ വീണ്ടും”എന്ന പേരിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും.
രാവിലെ 10.30 ന് അലൂമിനി അസോസിയേഷൻ വൈസ് പ്രസിഡന്റ് മേരി ഷീജ വിദ്യാഭ്യാസ കാല സ്മരണകൾ അയവിറക്കും. 1975 മുതൽ 1984 വരെയുള്ള പത്താം ക്ലാസ് വിദ്യാർത്ഥികൾ ക്ലാസ് മുറികൾ പുന:സൃഷ്ടിക്കും. ഓർമ്മകളുടെ മധുരം പങ്കുവെയ്ക്കും.
വൈകിട്ട് പൊതു സമ്മേളനത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉത്ഘാടനം നിർവ്വഹിക്കും. മുഖ്യ പ്രഭാഷണം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നടത്തും. സ്മരണിക പ്രകാശനവും മേയർ നിർവ്വഹിക്കും.
തുടർന്ന് ജാജീസ് ഇന്നോവേഷൻ്റെ നേതൃത്വത്തിൽ ഫാഷൻ ഷോ മത്സരം ഉണ്ടാകും.
അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ ഏഴു മണിയ്ക്ക് വിശുദ്ധ കുർബാന. മുൻ രൂപതാദ്ധ്യക്ഷൻ ഡോ. സ്റ്റാൻലി റോമൻ നേതൃത്വം നല്കും.
വൈകുന്നേരം നാല് മണിയ്ക്ക് പൊതു സമ്മേളനം. സ്ക്കൂൾ പ്രാർത്ഥനാ ടീം പ്രാർത്ഥനാ ഗാനം ആലപിക്കും.
സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉത്ഘാടനം ചെയ്യും. മുൻ മദർ ജനറൽ മേരി ഫ്രാൻസിസ് സി സി ആർ വിശിഷ്ടാതിഥിയാകും. എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തികളെ എം മുകേഷ് എം എൽ എ ആദരിക്കും.
വിദ്യാർത്ഥിനികളുടെ കലാവിരുന്നോടെ ചടങ്ങുകൾക്ക് സമാപ്തിയാകും.
വാർത്താ സമ്മേളനത്തിൽ സ്ക്കൂൾ മാനേജർ സിസ്റ്റർ മേരി മാർഗർറ്റ്, പ്രിൻസിപ്പാൾ സിസ്റ്റർ അഞ്ചലീന മൈക്കിൾ,പി ടി എ പ്രസിഡൻ്റ് റ്റി സതീഷ് കുമാർ,അലൂമിനി പ്രസിഡൻ്റ് സന്ധ്യ സതീഷ്, സ്റ്റാഫ് സെക്രട്ടറി പുഷ്പം ജോർജ് എന്നിവർ പങ്കെടുത്തു.