സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാൽ സൈറ്റിൽ പ്രവേശിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സെർവർ ഡൌൺ ആയതിനാൽ തിരുത്തൽ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതൽ സെർവറുകൾ ഉപയോഗിച്ച് പ്രശ്നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികൾക്ക് ഇനിയും ഓപ്ഷൻ തിരുത്തലിന് സാധിച്ചിട്ടില്ല.
പരീക്ഷകൾ, സ്ഥലം മാറ്റം തുടങ്ങി ഹയർ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെർവറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതൽ പേർ ലോഗിൻ ചെയ്തതോടെ സെർവർ ഡൌണാകുകയായിരുന്നു. സെർവർ ശേഷി കൂട്ടിയില്ലെങ്കിൽ ആദ്യ അലോട്മെൻ്റ് പ്രസിദ്ധീകരിക്കുമ്പോൾ വലിയ പ്രശ്നമുണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടി കാട്ടിയിരുന്നു. ഇത് വക വെക്കാതെ ട്രയൽ പ്രസിദ്ധീകരിച്ചതാണ് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വലച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഒടുവിൽ സമയ പരിധി നീട്ടാൻ തീരുമാനിച്ചത്.






















