പോലീസ് വെടിയുണ്ടകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പുറത്തു വന്ന സി.ഐ.ജി. റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. നിയമസഭ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് നിന്ന് ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. എന്നാല്‍, പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി തുടരുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ മറ്റ് ഏജന്‍സികളുടെ അന്വേഷണം ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതേസമയം, അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചു. പോലീസിന്റെ തോക്കുകള്‍ നഷ്ടമായിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടിലെ ആരോപണം അടിസ്ഥാന രഹിതമാണെന്നും വെടി ഉണ്ട നഷ്ടപ്പെട്ടത് യുഡിഎഫ് കാലത്താണെന്നും ഇതു മൂടി വെച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.