28.4 C
Kollam
Saturday, November 23, 2024
HomeEducationപി.എസ്.സി ചോദ്യങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍ ; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

പി.എസ്.സി ചോദ്യങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍ ; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

- Advertisement -
- Advertisement -

പി.എസ്.സി നടത്തുന്ന മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി പി.എസ്.സി ചെയര്‍മാന് നിര്‍ദേശം നല്‍കി. പി.എസ്.സി ചെയര്‍മാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ.എ.എസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പി.എസ്.സിക്ക് മുന്‍പില്‍ വെച്ചു. ആവശ്യമായ തീരുമാനം പി.എസ്.സി ഉടന്‍ എടുക്കും. ഇക്കാര്യം ചെയര്‍മാന്‍ ഉറപ്പ് നല്‍കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അവര്‍ക്കുള്ള ചില പ്രയാസങ്ങള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു. ന്യൂനഭാഷകളായ കന്നഡയിലും തമിഴിലും ചോദ്യ പേപ്പര്‍ നല്‍കുന്ന കാര്യവും ഭാവിയില്‍ പരിഗണിക്കും.

പ്ലസ് ടു വരെ യോഗ്യതയുള്ള പരീക്ഷകള്‍ക്ക് മലയാളത്തിലാണ് ചോദ്യ പേപ്പര്‍ നല്‍കുന്നത്. 90 ശതമാനവും ഇത്തരത്തിലുള്ള പരീക്ഷകളാണ് പിഎസ്.സി നടത്തുന്നത്.

കുറച്ച് പരീക്ഷകള്‍ക്ക് മാത്രമാണ് ഇംഗ്ലീഷില്‍ ചോദ്യ പേപ്പര്‍ നല്‍കുന്നത്. ഇതില്‍ മാറ്റമുണ്ടാകണമെന്ന നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. ഇതിന്റെ ഭാഗമായി സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗം ചേരും. സാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ പഠിക്കാനായി ഒരു ഉന്നതതല സമിതിയെ നിയോഗിക്കും.

വിവിധ വിഷയങ്ങളിലെ സാങ്കേതിക പദങ്ങള്‍ ലഭ്യമാകുന്ന വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കും. ഇക്കാര്യത്തിലും വൈസ് ചാന്‍സിലര്‍മാരുടെ സേവനം പ്രയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments