ബെംഗളുരു: കുളിക്കുന്നതിനിടെ ബാത്റൂമിലെ ഹീറ്ററിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് 24 കാരി ഭൂമിക മരിച്ച സംഭവം ഞെട്ടലാണ് സൃഷ്ടിക്കുന്നത്. നവംബർ 29-ന് മദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലായിരുന്നു സംഭവം. ഹാസൻ സ്വദേശിനിയായ ഭൂമികക്ക് വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമാണ് കഴിഞ്ഞിരുന്നത്. ഭർത്താവായ കൃഷ്ണമൂർത്തിയോടൊപ്പം 15 ദിവസം മുമ്പാണ് ദമ്പതികൾ പുതിയ വാടകവീട്ടിലേക്ക് മാറിയത്.
സംഭവദിവസം കുളിക്കാൻ ബാത്റൂമിൽ പ്രവേശിച്ച ഭൂമിക ദീർഘസമയം പുറത്തുകാണാതെ വന്നതിനെ തുടർന്ന് ഭർത്താവ് വാതിൽ തകർത്തുനോക്കുകയായിരുന്നു. അപ്പോൾ ശ്വാസംമുട്ടിയ നിലയിൽ കണ്ടെത്തിയ ഭൂമികയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.
ഗ്യാസ് ഹീറ്ററുകൾ ഉപയോഗിക്കുന്ന അടച്ച ഇടങ്ങളിൽ കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകം രൂപപ്പെടാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ മദനായകനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






















