വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.
22ാം വയസിൽ എം.എ. സംസ്‌കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്‌കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം.എ. വിദ്യാർഥിനിയായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ ബാലഭാസ്‌കർ തുടങ്ങിയ ’കൺഫ്യൂഷൻ’ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളിൽ ആദ്യത്തെ മ്യൂസിക് ബാൻഡ്.
മൂന്ന് പാട്ടുകാർ ഉൾപ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.. ’നിനക്കായി’, ’നീ അറിയാൻ’ തുടങ്ങി അന്ന് കലാലയങ്ങളിൽ ഹിറ്റായ ആൽബങ്ങളാണ് ’കൺഫ്യൂഷൻ’ പുറത്തിറക്കിയത്. ടെലിവിഷൻ ചാനലുകൾ ഈ ഗാനങ്ങൾ ആവർത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ’ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകൾ ഏറ്റെടുത്തു.
പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 17ാം വയസിലാണ് ബാലഭാസ്‌കർ ’മംഗല്യപ്പല്ലക്ക്’ എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചത്.
പിന്നീട് രാജീവ്‌നാഥിന്റെ ’മോക്ഷം’, രാജീവ് അഞ്ചലിന്റെ ’പാട്ടിന്റെ പാലാഴി’ എന്നീ സിനിമകളുമായും സഹകരിച്ചു.
വിരലുകളുടെ സ്പർശത്തിൽ മാന്ത്രികത വിഭാവന ചെയ്ത ബാലഭാസ്ക്കർ ഇനി ഓർമ്മകളിൽ മാത്രം!
