വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡില്‍ സമരക്കാര്‍ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയില്ലെന്ന് ഹര്‍!ജി പരിഗണിക്കവേ, അദാനി ഗ്രൂപ്പ് അറിയിച്ചു.
സമരപ്പന്തല്‍ പൊളിക്കാതെ മുന്നോട്ടു പോകാന്‍ ആകില്ല എന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വാഹനങ്ങള്‍ പോകുന്നതിന് തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്. തടസ്സം ഒഴിവാക്കാന്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു.
നിര്‍മാണത്തിനായി പോകുന്ന വാഹനങ്ങള്‍ ഒന്നും തടഞ്ഞിട്ടില്ലെന്നും ആ സാഹചര്യത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.പൊലീസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മാണം നിലച്ചെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ എത്തിയത്.
