ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോച്ച് രവി സിംഗിന്റെ ആളുകള്‍ കുടുംബത്തെ ഭീഷണി പെടുത്തിയതായി പരാതി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
25 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബം കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി.മലയാളി ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി.ലിതാരയുടെ ദുരൂഹമരണത്തില്‍ ബിഹാര്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് കുടുംബത്തിനു നേരെയുള്ള ഭീഷണി. കോച്ച് രവിസിംഗിന്റെ ശാരീരിക, മാനസിക പീഡനമാണ് മരണകാരണമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ അന്വേഷണത്തില്‍ ബിഹാര്‍ പൊലീസ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ശംഭുസിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ തേടി കുടുംബം കായിക മന്ത്രിക്ക് നിവേദനം നല്‍കും.
