നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടിവിടുന്നതിനിടെ,കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. 19നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22ന് നടത്തും.24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17ന് നടത്തും.
ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്.
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഗുലാം നബി രാജിവച്ചത്. പാര്‍ട്ടിയുടെ കൂടിയാലോചനാ സംവിധാനങ്ങള്‍ മുഴുവന്‍ രാഹുല്‍ തകര്‍ത്തതായി ആസാദ് വിമര്‍ശനം ഉന്നയിച്ചിരുന്നു.അതിനിടെ, നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ജി23 നേതാക്കളില്‍ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മ അടക്കമുള്ളവര്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മധുസൂദന്‍ മിസ്ത്രി, കെ.സി വേണുഗോപാല്‍, ജയ്‌റാം രമേശ്, മുകുള്‍ വാസ്‌നിക്, പി. ചിദംബരം, അശോക് ഗെഹ്‌ലോത്, ഭൂപേഷ് ഭാഘേല്‍ തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു.