നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദിലീപ് കേസിൽ പ്രതിയല്ലന്നായിരുന്നു ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്‌ളീൻ ചിറ്റ് നൽകി പോലീസിനെ പൂർണ്ണമായും തള്ളിയത്. ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്തു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോകേഷനിൽ വന്നിരുന്നുവെന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും ശ്രീലേഖ പറഞ്ഞു.ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മർദ്ദത്തിന്റെ ഫലമാണെന്ന് പറഞ്ഞാണ് പോലീസ് നടപടിയെ ചോദ്യം ചെയ്യുന്നത്.
അടുത്തിടെ മാത്രം സർവീസിൽ വിരമിച്ച ഉദ്യോഗസ്ഥയാണ് ശ്രീലേഖ. നിർണായകമായ കേസിൽ ഇപ്പോൾ ഇങ്ങിനെ സ്വന്തം യു ട്യൂബ് ചാനൽ വഴി ശ്രീലേഖ പറയാൻ കാരണം വ്യക്തമല്ല. ദിലീപിന്റെ അഭിഭാഷകർ വീഡിയോ പോലീസിനെതിരെ തെളിവായി കോടതിയിൽ ഹാജരാക്കാൻ സാധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
