മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു . എഴുപത്തിനാല് വയസായിരുന്നു. ഫെബ്രുവരിയിൽ കോവിഡ് ബാധിച്ചതിതിനു ശേഷം പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്യാൻസർ ബാധിതനായിരുന്നു. തിങ്കളാഴ്‌ച പുലച്ചേ 2.30 മണിയോടെയായിരുന്നു അന്ത്യം
2010 നവംബർ ഒന്നിനാണ് ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ചുമതലയേറ്റത് .1946 ആഗസ്‌ത് 30ന് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് സമീപമുള്ള മാങ്ങാട് എന്ന ഗ്രാമത്തിലാണ് ജനനം. കെ ഐ പോൾ എന്നായിരുന്നു പേര്. അച്ഛൻ കൊല്ലന്നൂർ ഐപ്പും അമ്മ പുലിക്കോട്ടിൽ കുഞ്ഞീറ്റിയും. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ ചേർന്നു. കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി.
1972 ഏപ്രിൽ എട്ടിന് പരുമല സെമിനാരിയിൽ യൂഹാനോൻ മാർ സെവേറിയോസ് മെത്രാപോലീത്തായിൽനിന്ന് ആദ്യ പട്ടം സ്വീകരിച്ചു. മുപ്പത്താറാമത്തെ വയസിൽ ചർച്ച് പാർലമെന്റ് അദ്ദേഹത്തെ ബിഷപ്പായി തെരഞ്ഞെടുത്തു. 1985 മേയ് 15ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി അഭിഷിക്‌തനായി. അതേവർഷം ആഗസ്‌ത് ഒന്നിന്, പുതുതായി രൂപീകരിക്കപ്പെട്ട കുന്നംകുളം രൂപതയുടെ ആദ്യ മെത്രാപോലീത്തായായി. 2010ൽ ബസേലിയോസ് മാർത്തോമ്മാ ദിദിമസ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ പദവിയിൽ എത്തിയത്. വചനം വിടരുന്നു, വിനയസ്‌മിതം, നിഷ്‌കളങ്കതയുടെ സൗന്ദര്യം, അനുഭവങ്ങൾ ധ്യാനങ്ങൾ, ജീവിതക്കാഴ്‌ചകൾ എന്നീ പുസ്തകങ്ങൾ അദ്ധേഹത്തിന്റെ രചനകളാണ്.
