ജനുവരിയിൽ വീട്ടിലെത്തി കിരൺ കുമാർ അച്ഛനെയും സഹോദരനെയും മർദ്ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് വിസ്‌മയയുടെ കുടുംബം. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കൊല്ലത്തെ വീട്ടിലെത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിയുമായി കുടുംബം കൂടിക്കാഴ്‌ച നടത്തുകയാണ്.
വിസ്‌മയ ആത്മഹത്യ ചെയ്‌തതല്ല, കൊന്നതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബംഗങ്ങൾ.
അച്ഛനെയും സഹോദരൻ വിജിത്തിനെയും മർദ്ദിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ കിരൺ കൈയേറ്റം ചെയ്‌തിരുന്നു. കിരൺ ജോലി ചെയ്‌തിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് കേസിൽ നിന്ന് പിന്നോട്ട് പോയതെന്ന് വിസ്‌മയയുടെ അച്ഛൻ പറഞ്ഞു .ഒത്തുതീർപ്പായെങ്കിലും കിരണിനെ വിളിച്ച് ശകാരിച്ചാണ് എസ്ഐ പറഞ്ഞയച്ചത്.ഇനിയൊരു നിയമലംഘനമുണ്ടായാൽ വെറുതെ വിടില്ലെന്ന് എസ് ഐ പറഞ്ഞാണ് വിട്ടതെന്നും വിസ്‌മയയുടെ അച്ഛൻ പറയുന്നു.ഇനി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും, കേസ് വീണ്ടും അന്വേഷിച്ചേ മതിയാകൂ എന്നും കുടുംബം പറയുന്നു.കിരണ്‍ സഹോദരിയുടെ വീട്ടില്‍ പോയി വരുമ്പോഴാണ് വിസ്‌മയക്കെതിരെ കൂടുതല്‍ ആക്രമണം നടത്താറുള്ളതെന്ന് സുഹൃത്തുക്കളില്‍ നിന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.അവരെ ഇതുവരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
വിസ്‌മയയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്ന പശ്ചാത്തലത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് നിർണായകമാണ്.ഇന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന.ഇൻക്വിസ്റ്റ് കോപ്പിയും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
