കോവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റി .കാപ്പന്റെ ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് നടപടി. മുൻപ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എയിംസിൽ ചികിത്സയിൽ പ്രവേശിപ്പിച്ച കാപ്പനെ കാണാൻ കുടുംബാംഗങ്ങളെ പൊലീസ് അനുവദിച്ചിരുന്നില്ല. വ്യാഴാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയതെന്ന് മഥുര ജയിൽ സൂപ്രണ്ട് പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ എയിംസിലേക്ക് മാറ്റിയിരുന്നത്. ഉത്തർ പ്രദേശ് പൊലീസ് നിർബന്ധപൂർവം കാപ്പനെ ഡിസ്‌ചാർജ് ചെയ്‌ത് മഥുര ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് കാപ്പന്റെ ഭാര്യയും ബന്ധുക്കളും ആരോപിച്ചു.
ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിവരവും കുടുംബത്തിന് നൽകിയില്ലെന്ന് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒന്നേകാലോടെയാണ് കാപ്പൻ ജയിലിൽ തിരിച്ചെത്തിയത്. തടവിലുളള കാപ്പന് കൊവിഡ് ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ കാപ്പന്റെ രോഗം ഭേദമായെന്നായിരുന്നു ഉത്തർപ്രദേശ് സർക്കാർ വാദിച്ചത്.