കോവിഡ് ബാധിച്ച് കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഐസിയുവിൽ കഴിയുന്നവരിൽ ഏറെയും 22നും 45നും ഇടയിൽ പ്രായമുള്ളവർ. ന്യുമോണിയയുo ശ്വാസംമുട്ടലുമാണ് ഇവരെ കൂടുതലായി അലട്ടുന്നത്. ജില്ലാ ആശുപത്രിയിൽ ഉള്ളവരിൽ ശ്വാസംമുട്ടൽ ഉള്ളവരാണ് ഏറെയും. ഇവിടെ വാർഡ് കോവിഡ് രോഗികളാൽ നിറഞ്ഞു.
എൺപത്തഞ്ചു പേരാണ് ചികിത്സയിലുള്ളത്. ഐസിയുവിൽ മാത്രം 21 പേരുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാൽ ജില്ലാ ആശുപത്രിയിലെ സ്ഥിതി ഗുരുതരമാകും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാർഡിൽ നൂറിലധികം പേരും ഐസിയുവിൽ നാൽപ്പതോളം പേരും ചികിത്സയിലുണ്ട്. ന്യുമോണിയ ബാധിതരാണ് ഇവരിൽ ഏറെയും. ആശുപത്രിയിലെ പല ജീവനക്കാർക്കും കോവിഡ് പിടിപെട്ടിരുന്നു. ചികിത്സയിലായിരുന്ന ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബിന്റെ പരിശോധനാ ഫലം ഞായറാഴ്‌ച നെഗറ്റീവായി.
ആശങ്കപരത്തി കോവിഡ് വ്യാപനം വീണ്ടും വർധിച്ചതോടെ ജില്ലാ ആശുപത്രിയിൽ ഇതര രോഗികൾക്കായുള്ള ഐപി വിഭാഗം തുറക്കുന്നത് വൈകും. കിടത്തിചികിത്സ പൂർണമായും പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി ഏഴ് ഓപ്പറേഷൻ തിയറ്ററുകളുടെ അറ്റകുറ്റപ്പണി നടന്നു. നിലവിൽ കാർഡിയോളജി കാത്ത്‌ലാബും സൈക്യാട്രിയുടെ ഐപിയും മാത്രമാണ് നോൺ കോവിഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലും നോൺ കോവിഡ് ഒപി ദിവസേന 400–-450 ആണ്. ഐപി വിഭാഗം സ്ഥിരമായി പ്രവർത്തിച്ചുതുടങ്ങുന്നതിനിടെയാണ് വീണ്ടും കോവിഡ് വ്യാപിച്ചത്.