പശ്ചിമബംഗാള്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം നോര്‍ത്ത് 24 പരഗാനയിലെ ബിദാന്‍ നഗറിലാണ് സംഭവം. 45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ബിദാനഗറിലെ ശാന്തി നഗര്‍ പ്രദേശത്താണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്യോന്യം കല്ലെറിഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് ബിദാനഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി സബ്യാസാച്ചി ദത്തയും സ്ഥലത്തുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ബൂത്ത് പിടിച്ചെടുക്കലില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദത്ത ആരോപിച്ചു. ബൂത്ത് പിടിച്ചെടുത്തല്‍ പരാജയപ്പെട്ടതോടെയാണ് സംഘര്‍ഷം സൃഷ്ടിക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏറ്റവും കുടുതല്‍ സീറ്റുകളിലേക്ക് വിധി നിര്‍ണയിക്കപ്പെടുന്ന വോട്ടെടുപ്പാണിത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 45 മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 319 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയ സ്ഥലങ്ങളിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്. അതുകൊണ്ട് മുന്നണികള്‍ക്ക് ഇന്നത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.