കൊവിഡ് വരാതിരിക്കാൻ കഴിഞ്ഞ ഒരു വർഷമായി അതീവ ജാഗ്രത കാട്ടിയിരുന്നു. അത് എതാണ്ട് വിജയിച്ചുവെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ പോയതോടെ എല്ലാം മാറി മറിഞ്ഞു. കെ.ബി.ഗണേഷ്കുമാർ അന്ന് അവിടെ പങ്കെടുത്തിരുന്നു. പിറ്റേന്നു ഗണേശൻ കൊവിഡ് പോസിറ്റീവ് ആയി.
രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും തലവേദനയും ചുമയും തുടങ്ങി. കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ പ്രവേശിച്ചു. അവിടെ നിന്നു ഡിസ്ചാർജ് ചെയ്തുവെങ്കിലും ന്യുമോണിയ പിടിപെട്ടതിനെ തുടർന്നു മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറേണ്ടി വന്നു.ശബ്ദിക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി.
രോഗം മാറുന്നതോടെ ശബ്ദം തിരികെ ലഭിക്കുമെന്നും പേടിക്കാനില്ലെന്നും ഡോക്ടർമാർ ആശ്വസിപ്പിച്ചു. ആശുപത്രിയുടെ ഏകാന്തതയിൽ വെറുതേ കിടക്കുമ്പോൾ പത്രങ്ങളും ടിവിയും ഫോണുമായിരുന്നു ആശ്വാസം. ആശുപത്രിയിൽ 18 ദിവസം കിടക്കേണ്ടി വന്നു. കഴിഞ്ഞ മാസം 25ന് ആശുപത്രി വിട്ടെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. തന്റെ ശബ്ദത്തിനു പകരം മറ്റൊരു ശബ്ദമാണ് പുറത്തു വന്നിരുന്നത്. ക്രമേണ ശബ്ദം വീണ്ടു കിട്ടി. ഇപ്പോൾ 70 ശതമാനവും പഴയ ശബ്ദം ആയിട്ടുണ്ട്.
വീട്ടിലെത്തിയ ശേഷവും നന്നായി ഭക്ഷണം കഴിച്ചു വിശ്രമിക്കുകയാണ്. ക്ഷീണം മാറിയിട്ടില്ല. ഇടയ്ക്കു വോട്ട് ചെയ്യാൻ പോയിരുന്നു. ശരീരത്തിന്റെ അവശത ആരോടും പറഞ്ഞില്ല. ഇനി അഭിനയിച്ചു തുടങ്ങണം .ടി.കെ.രാജീവ്കുമാറിന്റെ ‘ബർമുഡ’എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുക. ഈശ്വരനോട് നന്ദി പറയുകയാണെന്നും രാജു .